
സ്വന്തം ലേഖകൻ: സൗദിയിൽ ആഭ്യന്തര വിമാന സർവിസുകൾക്കായുള്ള ബോർഡിങ് പാസുകൾ ‘തവക്കൽനാ’ ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസുമായി ഇലക്ട്രോണിക് സംവിധാനത്തിൽ ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ബോർഡിങ് പാസിനെ തവക്കൽനാ ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസുമായി ബന്ധിപ്പിക്കുമെന്ന് അടുത്തിടെ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി, സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ്, ആരോഗ്യമന്ത്രാലയം, ദേശീയ വിമാന കമ്പനികൾ, ഇൽമ് കമ്പനി എന്നിവയുെട സഹകരണത്തോടെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇങ്ങനെയൊരു സംരംഭം നടപ്പാക്കിയിരിക്കുന്നത്. എല്ലാ ദേശീയ വിമാന കമ്പനികളെയും ഇലക്ട്രോണിക് സംവിധാനത്തിൽ ബന്ധിപ്പിക്കൽ പൂർത്തിയായിട്ടുണ്ട്.
തവക്കൽന ആപ്ലിക്കേഷനിൽ ‘കുത്തിവെപ്പെടുത്തയാൾ’, ‘ഒന്നാം ഡോസ് കുത്തിവെപ്പെടുത്തയാൾ’, ‘രോഗമുക്തിനേടിയയാൾ’, ‘രോഗം സ്ഥിരീകരിക്കാത്തയാൾ’ എന്നീ സ്റ്റാറ്റസുകൾ കാണിക്കുന്നവർക്കാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബോർഡിങ് പാസുകൾ നൽകുക. സാേങ്കതിക കഴിവുകൾ ഉപയോഗപ്പെടുത്തി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി അതോറിറ്റിയുടെ പിന്തുണയോടെ നടപ്പാക്കിയ സംഭരങ്ങളിലൊന്നാണ് ഇത്. എല്ലാ വിമാന കമ്പനികളെയും പുതിയ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ ആരോഗ്യകരവും സുരക്ഷിതവുമായ യാത്ര ഒരുക്കുകയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.
എത്യോപ്യ ഓൺഅറൈവൽ വിസ നിർത്തി
ഓൺ അറൈവൽ വിസ എത്യോപ്യ നിർത്തിവച്ചതോടെ ആ വഴി സൗദിയിലെത്താനുള്ള സാധ്യതയും താൽക്കാലികമായി അടഞ്ഞു. ശനിയാഴ്ച കരിപ്പൂരിൽനിന്നുള്ള വിമാനത്തിൽ ഒമാൻ വഴി എത്യോപ്യയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദായത്. ഓൺഅറൈവൽ വിസ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.
എത്യോപ്യയിൽ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഓൺഅറൈവൽ വിസ നിർത്തിയെന്നാണ് ട്രാവൽ ഏജൻസികൾക്കു ലഭിച്ച വിവരം. എത്യോപ്യയിൽനിന്ന് ഒമാൻ വഴി മണിക്കൂറുകൾ വിമാനത്തിൽ സഞ്ചരിച്ചു വേണം സൗദിയിലെത്താൻ. നേരത്തെ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഏറെ സാമ്പത്തിക നഷ്ടം സഹിച്ചാണ് ഇന്ത്യയിലേക്ക് തന്നെ മടങ്ങിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല