1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2021

സ്വന്തം ലേഖകൻ: ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.

ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.

യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.

ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.