1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2020

സ്വന്തം ലേഖകൻ: ടോൾ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങൾക്ക് നിരക്ക് നൽകേണ്ടത് നാല് തവണ മാത്രമെന്ന് അധികൃതർ. പ്രവർത്തത്തനക്ഷമമാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ റജിസ്ട്രേഷൻ അതിവേഗമാക്കാനാണു നിർദേശം. പ്രതിദിനം എത്ര തവണ ടോൾ ഗേറ്റ് കടന്നാലും നാല് തവണ മാത്രമാണ് നിരക്ക് ഈടാക്കുക. അഞ്ചാം തവണ മുതൽ യാത്രകൾ സൗജന്യമായിരിക്കുമെന്ന് പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ശനിയാഴ്ച മുതലാണ് ടോൾഗേറ്റ് പ്രവർത്തനക്ഷമമാവുക. ശനി മുതൽ വ്യാഴം വരെ തിരക്കുള്ള സമയങ്ങളിൽ ഒറ്റത്തവണ യാത്രയ്ക്ക് നാല് ദിർഹമാണ് ടോൾ നൽകേണ്ടത്. രാവിലെ ഏഴ് മുതൽ 9 വരെയും വൈകിട്ട് 5 മുതൽ രാത്രി ഏഴ് വരെയും മാത്രം. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിവസങ്ങളിലും യാത്രകൾ സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ ബ്ൻ സായിദ്, മഖ്ത്ത, മുസഫ പാലങ്ങളിൽ പ്രവേശിക്കുമ്പോഴാണ് വാഹനങ്ങൾക്ക് ടോൾ നൽകേണ്ടത്. ദുബായിലെ സാലിക് സ്റ്റിക്കർ പോലെ വാഹനങ്ങളുടെ മുന്നിലെ ഗ്ലാസിൽ സ്റ്റിക്കർ പതിക്കേണ്ടതില്ല. പാലം കടക്കുന്ന സമയത്ത് വാഹന വിശദാംശങ്ങൾ അധികൃതർക്ക് ലഭിക്കും. തുടർന്ന് ഉടമയുടെ ദർബ് ഇ- അക്കൗണ്ടിൽ നിന്ന് നിരക്ക് ഈടാക്കും. റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് മതിയായ സാവകാശം നൽകിയ ശേഷമാണ് പിഴ ചുമത്തുക.

ഒരാൾക്ക് മൂന്ന് വാഹനങ്ങളുണ്ടെങ്കിൽ ടോൾ നിരക്ക് 450 ദിർഹം മാത്രമായിരിക്കും. ഒരോ വാഹനങ്ങൾക്കും നിരക്കിൽ വ്യത്യാസമുണ്ട്. ഒരാളുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ വാഹനത്തിനു പ്രതിമാസ ടോൾ നിരക്ക് 200 ദിർഹമായിരിക്കും. രണ്ടാമത്തെ വാഹനത്തിനു 150 ഉം മൂന്നാമത്തെ വാഹനത്തിനു 100 ദിർഹമും നൽകിയാൽ മതി. ഒരാളുടെ പേരിലുള്ള വാഹനം ഒരു ദിവസം പല തവണ ടോൾഗേറ്റ് കടന്നാലും 16 ദിർഹമായിരിക്കും ഈടാക്കുന്ന കൂടിയ നിരക്ക്.

യുഎഇയിലെ നാല് വിഭാഗം ആളുകളുടെ വാഹനങ്ങൾക്ക് ടോൾ നിരക്കില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ സ്വദേശികളായ മുതിർന്ന പൗരന്മാർ, ജോലിയിൽ നിന്ന് വിരമിച്ച തദ്ദേശീയർ, ദൃഢനിശ്ചയക്കാർ, വരുമാനം കുറഞ്ഞ സ്വദേശികൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് ടോൾ നിരക്കിൽ നിന്ന് ഗതാഗത വകുപ്പ്ഒഴിവാക്കിയത്. ഈ വിഭാഗങ്ങളിലുള്ളവരുടെ ഒരു വാഹനത്തിനു മാത്രമായിരിക്കും ആനുകൂല്യം. നിശ്ചിത വിഭാഗക്കാർക്ക് ഇളവ് ലഭിക്കാൻ ദർബ് ആപ് വഴിയോ, വെബ് സൈറ്റിലൂടെയോ അപേക്ഷ സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

ടോൾ റജിസ്റ്റർ ചെയ്യാതെ പാലങ്ങൾ കടന്നാൽ 100 ദിർഹമാണ് ആദ്യഘട്ട പിഴ. എന്നാൽ പിഴ രേഖപ്പെടുത്തിയാലും വാഹനം റജിസ്റ്റർ ചെയ്യാൻ പത്ത് ദിവസത്തെ സമയപരിധി നൽകും. ഇതിനകം ടോൾ നടപടികൾ പൂർത്തിയാക്കിയാൽ മതി. പത്ത് ദിവസം പിന്നിട്ടിട്ടും റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്കാണ് പിഴ ലഭിക്കുക. രണ്ടാം ഘട്ടത്തിൽ 200, തുടർന്ന് 400 എന്നിങ്ങനെയാണ് പിഴക്രമം. ടോൾ അക്കൗണ്ടിൽ പണമില്ലാതെ നിശ്ചിത പാലങ്ങൾ കടന്നാൽ 50 ദിർഹമാണ് പിഴ. ഇതുരേഖപ്പെടുത്തിയാലും അഞ്ചു ദിവസം കഴിയുന്നതിനു മതിയായ തുക അക്കൗണ്ടിലെത്തിയാൽ പിഴയൊഴിവാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.