1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2017

സ്വന്തം ലേഖകന്‍: നടിയെ തട്ടികൊണ്ടുപോയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍, ആലുവ സബ് ജയിലിലെ സെല്‍ നമ്പര്‍ 2/523 ലേക്ക് ആരാധകരുടെ കത്തുകളുടെ പ്രവാഹം, വിവാദച്ചൂടിലേക്ക് എരിവു പകര്‍ന്ന് രാമലീലയുടെ രണ്ടാം ടീസര്‍. അഡ്വ. കെ.രാംകുമാറാണ് ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലും, കേസ് ഡയറിയിലും കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പോലീസ് നല്‍കിയിരുന്നതായാണ് സൂചന. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയിരുന്നു. മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ദിലീപ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനില്‍രാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുന്‍പു ജാമ്യം നേടാനാണ് ദിലീപിന്റെ ശ്രമമെന്നാണ് സൂചന. അതിനിടെ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ് അപ്പുണ്ണി അഭിഭാഷകന്‍ വഴി കോടതിയെ സമീപിച്ചത്.

ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് നിരവധി കത്തുകളാണ് വരുന്നത്. ദിലീപിന് ജയിലിലേക്ക് ലഭിച്ച മുപ്പത് കത്തുകളില്‍ രണ്ടെണ്ണം രജിസ്‌ട്രേഡ് കത്തുകളാണ്. ദിലീപ്, സെല്‍ നമ്പര്‍ 2/523, സബ്ജയില്‍ ആലുവ എന്ന വിലാസത്തിലാണ് കത്തുകള്‍ വരുന്നത്.
ഒരു കത്തിന്റെ പുറത്ത് ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ (ഇപ്പോള്‍ ആലുവ സബ്ജയില്‍) എന്നും എഴുതിയിട്ടുണ്ട്.

ഇന്‍ലന്റുകളിലും പോസ്റ്റ് കാര്‍ഡുകളിലുമാണ് കത്ത് അയച്ചിരിക്കുന്നത്. രജിസ്‌ട്രേഡ് കത്തുകള്‍ ദിലീപ് ഒപ്പിട്ടു വാങ്ങി. കത്തുകള്‍ സുപ്രണ്ട് വായിച്ച ശേഷം തടവുകാര്‍ക്ക് കൊടുക്കുകയാണ് പതിവ്. എന്നാല്‍ ദിലീപ് തനിക്ക് വന്ന കത്തുകള്‍ വായിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ദിലീപ് താല്‍പ്പര്യം കാണിക്കാത്തതിനാല്‍ കത്തുകള്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപ് സബ് ജയില്‍ തടവിലിരിക്കെ അണിയറ പ്രവര്‍ത്തകര്‍ രാമലീല ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറക്കി. സമകാലിക സംഭവങ്ങളോട് ചേര്‍ന്ന് നില്‍കുന്ന സംഭാഷണങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരുകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ രാമലീലയുടെ ഭാവിയെപ്പറ്റി നിര്‍മ്മാതാക്കള്‍ക്കും, സിനിമ പ്രേമികള്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ടീസറിലുടെ ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന സൂചനകളാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ടീസര്‍ കാണാം…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.