1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

സ്വന്തം ലേഖകന്‍: യുഎഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി; കുറഞ്ഞ നിരക്കും 40 കിലോ ബാഗേജുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. യു.എ.ഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക് 30 ദിര്‍ഹമാണ്(ഏതാണ്ട് 593 രൂപ) നല്‍കേണ്ടത്. നേരത്തേ ഇത് 15 ദിര്‍ഹമായിരുന്നു(ഏതാണ്ട് 296 രൂപ).

ഇതോടെ ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ശരാശരി 4000 ദിര്‍ഹമെങ്കിലും (ഏതാണ്ട് 79,130 രൂപ) ചെലവിടേണ്ടിവരും. എന്നാല്‍, ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.  എയര്‍ അറേബ്യയില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ 1100 ദിര്‍ഹം (ഏതാണ്ട് 21,761 രൂപ) മാത്രമാണ് ഈടാക്കുന്നത്. എന്നാല്‍ എയര്‍ അറേബ്യ ഇന്ത്യയിലെ 12 സെക്ടറുകളിലേക്കുമാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.  മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന രീതി നിര്‍ത്തി, പ്രായം നോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്നത് പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.

അതിനിടെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കും 40 കിലോ ബാഗേജും പ്രഖ്യാപിച്ചു. ഈമാസം 30 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ആനുകൂല്യം ലഭിക്കുക. അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗത്തേക്ക് 399 ദിര്‍ഹവും മംഗലാപുരത്തേക്ക് 369 ദിര്‍ഹവുമാണ് വണ്‍വേ നിരക്ക്. വേനലവധി കഴിഞ്ഞ് യാത്രക്കാര്‍ കുറഞ്ഞതോടെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് കമ്പനികള്‍ രംഗത്തെത്തുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.