1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് സാന്‍ സൂ ചി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. മ്യാന്‍മറിലെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ നേതാവായ സൂ ചിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന സന്ദര്‍ശിക്കാനായി ക്ഷണിച്ചത്.

21 വര്‍ഷം മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ തടവിലായിരുന്ന സൂ ചി 2010 ല്‍ മോചിതയായശേഷം നടത്തുന്ന ആദ്യ ചൈനാ സന്ദര്‍ശനമാണിത്. സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവു കൂടിയായ സൂചി തടവിലായിരുന്നപ്പോള്‍ ചൈന കണ്ടില്ലെന്നു നടിക്കുകയും സൂചിയെ തടവിലിട്ട പട്ടാള ഭരണകൂടത്തോട് അടുപ്പം കാണിക്കുകയും ചെയ്ത രാജ്യമാണ് ചൈന.

എന്നാല്‍, അടുത്ത കാലത്തായി ജനാധിപത്യത്തിലേക്ക് തിരിഞ്ഞ മ്യാന്മര്‍ ഇന്ത്യയോടും യുഎസിനോടും കൂടുതല്‍ അടുപ്പം കാണിച്ചു തുടങ്ങി. മാത്രമല്ല, മ്യാന്മറില്‍ 25 വര്‍ഷത്തിനു ശേഷം പൊതുതിരഞ്ഞെടുപ്പു വരികയാണ്. നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വിജയിക്കുമെന്നാണ് സൂചനകള്‍.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായും പ്രധാനമന്ത്രി ലീ കെചിയാങ്ങുമായും സൂ ചി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ തലത്തിലല്ല, പാര്‍ട്ടി തലത്തിലാണ് കൂടിക്കാഴ്ചകളെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ മ്യാന്മറില്‍ കത്തി നില്‍ക്കുന്ന റോഹിങ്ക്യ മുസ്ലീങ്ങളുടെ അഭയാര്‍ഥി പ്രശ്‌നത്തെ കുറിച്ചുള്ള സൂചിയുടെ അര്‍ഥഗര്‍ഭമായ മൗനം തുടരുകയാണ്. ചൈനയിലെ മാധ്യമങ്ങളോട് സൂചി ഈ വിഷയം എങ്ങനെ അവതരിപ്പിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.