1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം അണി ചേരണമെന്നും ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്ന ഐഎസ് വീഡിയോയില്‍ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഭരണകൂടം ആശങ്കയില്‍. ഇസ്ലാമിക് സ്‌റ്റേറ്റ് ദൗത്യത്തെ സഹായിക്കുന്നതിനായി താന്‍ സിറിയയിലേക്ക് യാത്ര തിരിച്ചെന്ന് വീഡിയോയില്‍ കാണുന്ന അബു യൂസഫ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആള്‍ പറയുന്നു. അഡ്‌ലെയ്ഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ താരിഖ് കംലെയാണ് വീഡിയോയില്‍ ഉള്ളതെന്ന് ഓസ്‌ട്രേലിയന്‍ മീഡിയ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശുദ്ധമായ ഓസ്‌ട്രേലിയന്‍ ആക്‌സന്റിലാണ് ഇയാള്‍ സംസാരിച്ചത്.

ഇറാഖിലും സിറിയയിലുമായി നൂറു കണക്കിന് ഓസ്‌ട്രേലിയക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നത് രാജ്യത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണന്നും വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഓസ്‌ട്രേലിയക്കാരെ കെണിയില്‍ പെടുത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാനുള്ള തന്ത്രമാണിതെന്ന് മന്ത്രി പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ ആളുകളെ എത്തിക്കുകയോ ഏതെങ്കിലും വിധത്തില്‍ സഹായം നല്‍കുകയോ ചെയ്താല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം ഐഎസ് വീഡിയോയില്‍ കണ്ട ഡോക്ടറുടെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ടവരുടെ വീട്ടിലും പൊലീസ് പരിശോധനകള്‍ നടത്തി. ഐഎസുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഇയാളുടെ ബന്ധുക്കള്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായിരുന്നു പൊലീസ് പരിശോധന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.