1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2020

സ്വന്തം ലേഖകൻ: പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഈ അക്കൗണ്ടുകളില്‍നിന്നുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവിധ ബാങ്കുകളിലായി കോടിക്കണക്കിനു രൂപയുടെ കടബാധ്യതയാണു കമ്പനിക്കുള്ളത്. ബ്രിട്ടനില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടില്‍ ഷെട്ടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് യുഎഇയിലേക്കു മടങ്ങുമെന്നും ഷെട്ടി അറിയിച്ചിരുന്നു.

എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടി 70കളുടെ തുടക്കത്തില്‍ കീശയില്‍ 500 രൂപയുമായി ദുബായിയിലെത്തിയതാണ്. ഫാര്‍മസി ബിരുദദാരിയായ ഷെട്ടി ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടാണ് തുടങ്ങിയത്. തുടര്‍ന്നാണ് ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍എംസി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളര്‍ച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകള്‍ എന്‍എംസിക്കുണ്ട്.

1980കളിലാണ് യുഎഇ എക്‌സ്‌ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്‌സ്‌ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്‌സ്‌ചേഞ്ച് വളര്‍ന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്‌സ് എന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്.

ഷെട്ടിയുടെ എന്‍എംസി നിയോ ഫാര്‍മ ലണ്ടന്‍ സ്റ്റോക്ക് എസ്‌ക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിലൂടെ 2012ല്‍ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയില്‍ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയര്‍ത്തി. 420 കോടി ഡോളറായിരുന്നു 2008ലെ ഫോബ്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ഷെട്ടിയുടെ സമ്പത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.