
സ്വന്തം ലേഖകൻ: ബാർബർ ഷോപ്പുകൾ, മസാജ് പാർലറുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ രണ്ടുവർഷത്തിലൊരിക്കൽ നിർബന്ധമായും മെഡിക്കൽ ചെക്കപ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജോലിക്കാർക്ക് പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പാക്കാനാണിത്. ജനുവരി മുതൽ തീരുമാനം നടപ്പാകും.
രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യം ഉറപ്പുവരുത്താനാണ് പരിശോധന നിർബന്ധമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്താൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പൊതുജനാരോഗ്യ വകുപ്പിന്റെ അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹാജ്രി പറഞ്ഞു.
ഹെൽത്ത് ക്ലബുകൾ, ഭക്ഷണശാലകൾ, റിസോർട്ടുകൾ, സൗന്ദര്യ പരിചരണസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ ജീവനക്കാരും മെഡിക്കൽ ചെക്കപ് നടത്തണം. നിശ്ചിത ഫീസ് അടച്ച് മെഡിക്കൽ ചെക്കപ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചാൽ സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റിെൻറ കാലാവധി കഴിഞ്ഞ് ജോലി ചെയ്യാൻ അനുവദിക്കില്ല. മെഡിക്കൽ ചെക്കപ്പിന് അപ്പോയൻറ്മെൻറ് എടുക്കുന്നതിന് നാഷനൽ ഇ-ഗവൺമെൻറ് പോർട്ടലിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും ജീവനക്കാരന് പകർച്ചവ്യാധി ഉണ്ടെന്ന് സംശയം തോന്നിയാൽ തൊഴിലുടമ ബദ്ധപ്പെട്ട അധികൃതരെ അറിയിച്ച് അയാളെ ജോലിയിൽനിന്ന് മാറ്റി നിർത്തണം. തുടർന്ന് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നും നിർദേശത്തിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല