1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2015

സ്വന്തം ലേഖകന്‍: അല്‍ ഖായിദ നേതാവ് ഉസാമ ബിന്‍ ലാദന്റെ വധം അമേരിക്ക കെട്ടിച്ചമച്ചതാണെന്ന് ബിസിസി ഡോക്യുമെന്ററി. അല്‍ ഖാഇദയെയും ഉസാമ ബിന്‍ ലാദനെയും കുറിച്ച് ബിബിസിക്ക് വേണ്ടി രണ്ട് പതിറ്റാണ്ടോളമായി പഠനം നടത്തുന്ന ജെയിന്‍ കോര്‍ബിന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് പുതിയ ആരോപണം.

ബിന്‍ലാദന്‍ കൊല്ലപ്പെടുന്നതിന് ആറ് വര്‍ഷം മുമ്പു തന്നെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ പിടിയിലായിരുന്നുവെന്നും പിന്നീട് അബോട്ടാബാദില്‍ വെച്ച് അമേരിക്കന്‍ കമാന്‍ഡോകള്‍ക്ക് ഐ.എസ്.ഐ ലാദനെ കൈമാറുകയായിരുന്നുവെന്നും ഡോക്യുമെന്ററി പറയുന്നു. പാകിസ്താന്റെയും അമേരിക്കയുടെയും ഉന്നത നേതൃത്വം തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് 2011 മേയ് രണ്ടിന് അബോട്ടാബാദില്‍ നടന്ന കമാന്‍ഡോ ഓപ്പറേഷനെന്നാണ് ഡോക്യുമെന്ററിയുടെ വാദം.

നേരത്തെ, പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ സേമര്‍ ഹെര്‍ഷും ആബട്ടാബാദ് ഓപറേഷന്‍ കെട്ടുകഥയാണെന്ന് വാദിക്കുന്ന പ്രബന്ധം പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം അദ്ദേഹം ആദ്യം ഇക്കാര്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഹെര്‍ഷ് ലാദന്‍ വധം ഒരു കള്ളക്കഥയാണെന്ന് തന്നോട് പറഞ്ഞിരുന്നെന്നും ജെയിന്‍ കോര്‍ബിന്‍ പറയുന്നു.

പാക് സൈനിക അക്കാദമിയുടെ മൂക്കിന്‍ തുമ്പത്തുള്ള പ്രദേശത്ത് ബിന്‍ലാദന്‍ വര്‍ഷങ്ങളോളം ഒളിച്ചുതാമസിച്ചെന്നതു തന്നെ വിശ്വാസ്യ യോഗ്യമല്ല. പാക്കിസ്ഥാനിലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക കര്‍ലോട്ട ഗാളും ജെയിന്‍ കോര്‍ബിന്റെ വാദം ശരിവെക്കുന്നുണ്ട്. പ്രാദേശികമായി ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ലാദനെ ഐഎസ്‌ഐ ഒളിപ്പിക്കുകയായിരുന്നു എന്ന് കര്‍ലോട്ട റിപ്പോര്‍ട്ടു ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.