1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2021

സ്വന്തം ലേഖകൻ: ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകൾ നേർന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. മാനവരാശിയെ കൊവിഡ്​ മഹാമാരിയിൽ നിന്ന്​ മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിക്കുകയാണെന്ന്​ ബോറിസ്​ ജോൺസൺ പറഞ്ഞു. വിഡിയോ സന്ദേശത്തിൽ ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകൾ നേരുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ 71ാമത്​ റിപ്പബ്ലിക്​ ദിനത്തിൽ വിശിഷ്​ടാതിഥിയായി ബോറിസ്​ ജോൺസൺ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ ബ്രിട്ടനിൽ കോവിഡിന്‍റെ പുതിയ വകഭേദം പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന്​ യാത്ര റദ്ദാക്കുകയായിരുന്നു.

”എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന അവസരത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡിനെതിരായ ഞങ്ങളുടെ ഒറ്റക്കെട്ടായ പോരാട്ടം എന്നെ ലണ്ടനിൽ തന്നെ നിർത്തി” -ബോറിസ്​ ജോൺസൺ പറഞ്ഞു.

മാനവരാശിയെ കോവിഡിൽ നിന്ന്​ മുക്തരാക്കുന്നതിനായി വാക്​സിൻ വികസിപ്പിക്കുന്നതിലും നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായാണ്​ പ്രവർത്തിക്കുന്നത്​. ബ്രിട്ടന്‍റെയും ഇന്ത്യയുടേയും മറ്റ്​ രാഷ്​ട്രങ്ങളുടേയും സംയുക്ത പരി​ശ്രമങ്ങൾക്ക്​ നന്ദി അറിയിക്കുന്നതായും കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ വിജയത്തിന്‍റെ പാതയിലാണ്​ തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിച്ച്​ സൗഹൃദബന്ധം ശക്തിപ്പെടുത്താനാണ്​ ആഗ്രഹിക്കുന്നതെന്നും ബോറിസ്​ ജോൺസൺ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.