1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി മാര്‍ക്ക് ബൗച്ചറിന്റെ കണ്ണ് ഇനി വിക്കറ്റിനു പിന്നില്‍ എതിരാളികളെ തകര്‍ക്കാനായി കാവലുണ്ടാവില്ല. കളിക്കിടെ ബെയ്ല്‍സ് കണ്ണില്‍ക്കൊണ്ട് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് ബൗച്ചറിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിതമായി വിരമിക്കേണ്ടിവന്നത്.

ഇംഗ്ലംണ്ടില്‍ സോമര്‍സെറ്റിനെതിരെ തിങ്കളാഴ്ച കളിക്കുമ്പോഴായിരുന്നു സംഭവം.

ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ചശക്തി പൂര്‍ണമായി വീണ്ടെടുത്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമോ എന്നുറപ്പില്ലാത്തതിനാലാണ് 35-കാരനായ ബൗച്ചര്‍ കളി നിര്‍ത്തിയത്.

ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍ എറിഞ്ഞ പന്ത് സ്റ്റമ്പില്‍ത്തട്ടിത്തെറിച്ച ബെയ്ല്‍ ബൗച്ചറുടെ ഇടതുകണ്ണില്‍ തറച്ചുകയറി കൃഷ്ണമണി തകരുകയായിരുന്നു. മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കൃഷ്ണമണിയിലെ തകരാര്‍ പരിഹരിച്ചെങ്കിലും കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമോയെന്ന കാര്യത്തില്‍ ഉറപ്പു നല്‍കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ നിര്‍ഭാഗ്യകരമായ അന്ത്യം തന്റെ കരിയറില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബൗച്ചര്‍ നിരാശ പ്രകടിപ്പിച്ചു. ബൗച്ചറുടെ വാക്കുകള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് മാധ്യമപ്രവര്‍ത്തരെ അറിയിച്ചത്. ടീമിനുവേണ്ടി അതുല്യ സമ്പാവനകള്‍ നല്‍കിയ ബൗച്ചര്‍ക്കു സംഭവിച്ച ദുരന്തത്തില്‍ ടീം കഠിനമായി ദു:ഖിക്കുന്നതായും സ്മിത്ത് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഉടന്‍ വിരമിക്കന്‍ ബൗച്ചര്‍ തീരുമാനിച്ചിരുന്നു.

147 ടെസ്റ്റുകളും 295 ഏകദിനങ്ങളും നീണ്ട കരിയറിലൂടെ വിക്കറ്റ് കീപ്പിങിലെ റെക്കോഡുകളേറെയും ബൗച്ചര്‍ തന്റെ കീശയിലക്കിയിരുന്നു. ടെസ്റ്റില്‍ 532 ക്യാച്ചുകളും 23 സ്റ്റമ്പിങ്ങുകളുമായി 555 വിക്കറ്റുകള്‍, 403 ക്യാച്ചും 22 സ്റ്റമ്പിങ്ങുമായി 425 ഏകദിന പുറത്താക്കലുകള്‍, 19 ട്വന്റി 20ഇരകള്‍. ടെസ്റ്റില്‍ 5515 റണ്‍സും ഏകദിനത്തില്‍ 4686 റണ്‍സും നേടി ബാറ്റിങ്ങിലെ കരുത്തും ബൗച്ചര്‍ തെളിയിച്ചു. 998 പേരെ വിക്കറ്റിനു പിന്നിലെ മിന്നല്‍പ്രകടനത്തിലൂടെ പുറത്താക്കിയ റെക്കോര്‍ഡുമായി, ഇരകളുടെ എണ്ണം ആയിരമാക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ബൗച്ചര്‍ സങ്കടത്തോടെ ഗ്ലൗസഴിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.