
സ്വന്തം ലേഖകൻ: കോവിഡിനെ നേരിടാൻ മൂന്നുമാസത്തിനുള്ളിൽ ബ്രിട്ടനിൽ വ്യാപകമായി വാക്സിൻ കുത്തിവെപ്പ് നടക്കുമെന്ന് റിപ്പോർട്ട്. 2021 ആരംഭിക്കുന്നതിനുമുമ്പുതന്നെ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ടൈംസ്’ പത്രമാണ് റിേപ്പാർട്ട് ചെയ്തത്. കുട്ടികളെ ഒഴിവാക്കിയായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നടക്കുക. ആറുമാസത്തിനകം പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും.
വാക്സിൻ നൽകുന്നതിന് വിപുലമായി ആരോഗ്യപ്രവർത്തകരെ അനുവദിക്കുക, വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുക, സൈന്യത്തിെൻറ സഹായം തേടുക എന്നിവയാണ് സർക്കാർ പദ്ധതികളെന്നും ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഒാക്സ്ഫഡ്-ആസ്ട്രസെനീക്ക വാക്സിെൻറ വിലയിരുത്തൽ നടത്തിവരികയാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2021 മാർച്ചിനകം ജർമനിയിൽ കൊവിഡ് വാക്സൻ ജനങ്ങളിൽ കുത്തിവച്ചു തുടങ്ങുമെന്നുള്ള പ്രതീക്ഷയിലാണെന്ന് ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ (40) മാധ്യമങ്ങളെ അറിയിച്ചു.മുതിർന്ന പൗരന്മാർക്ക് ആയിരിക്കും ആദ്യ പരിഗണനയെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
ജർമനിയിലെ മൂന്നു പ്രമുഖ കമ്പനികൾ കൊവിഡ് വാക്സിന്റെ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. ഈ വർഷം തന്നെ ജർമൻ നിർമിത കൊവിഡ് വാക്സിന് അംഗീകാരം ഉണ്ടാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ജർമൻ നിർമ്മിത കൊവിഡ് വാക്സൻ മാർക്കറ്റിലെത്തിയാൽ ലോകമെമ്പാടും ഉടനടി വിതരണം ചെയ്യാനാണ് താൽപര്യമെന്നും മന്ത്രി അറിയിച്ചു. ജർമനിയിൽ കൊവിഡ് വ്യാപനം വർധിച്ചു വരുന്നതിൽ കടുത്ത ആശങ്കയാണെന്ന് ജനം സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ജർമനിയിൽ ഇന്നു പുറത്തു വന്ന കണക്ക് പ്രകാരം 2673 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല