
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ കൊവിഡ് കേസുകളുടെ ഭാരം താങ്ങാനാവാതെ ആശുപത്രികളും ആംബുലൻസ് സർവീസുകളും ഞെരുങ്ങുകയാണ്. ചികിത്സ ലഭിക്കേണ്ടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലും സമ്മർദ്ദമേറുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗത്ത് ഈസ്റ്റിലെ എൻ എച്ച് എസ് ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെത്തുന്നത്.
ലണ്ടനിലെ പാരാമെഡിക്കുകൾക്ക് ഇപ്പോൾ ഒരു ദിവസം ഏകദേശം 8,000 കോൾ ഔട്ടുകളാണ് ലഭിക്കുന്നത്. ബോക്സിംഗ് ഡേ ലണ്ടനിലെ ആംബുലൻസ് സർവീസുകൾക്ക് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ ഒന്നായിയുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. അടിയന്തിര സാഹചര്യമാണെങ്കിൽ മാത്രം 999 എന്ന നമ്പറിൽ വിളിക്കണമെന്ന് ആംബുലൻസ് വിഭാഗം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഞായറാഴ്ച യുകെയിൽ 30,501 പുതിയ കൊവിഡ് കേസുകളും 316 മരണങ്ങളും രേഖപ്പെടുത്തി. ഡിസംബർ 24 നും 28 നും ഇടയിൽ സ്‌കോട്ട്‌ലൻഡ് കൊവിഡ് മരണക്കണക്ക് പുറത്തുവിടാത്തതിനാൽ യഥാർത്ഥ കേസുകളുടെ എണ്ണം ഇതുലും കൂടാനാണ് സാധ്യത. വടക്കൻ അയർലൻഡും ഇതേ കാലയളവിലുള്ള കേസുകളോ മരണ വിവരങ്ങളോ നൽകുന്നില്ല. ഡിസംബർ 22 ന് യുകെയിലുടനീളം 21,286 പേർ കൊറോണ ബാധിതരായി ആശുപത്രികളിൽ എത്തിയതായി സർക്കാർ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ കൊറോണ വൈറസ് വേരിയന്റ് വ്യാപനത്തിന് ആക്കം കൂടിയതോടെ ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് ഹെൽത്ത് മേധാവികളും സാക്ഷ്യപ്പെടുത്തുന്നു. പല ആശുപത്രികളിലും ആംബുലൻസ് ജീവനക്കാർക്ക് രോഗികളെ കൈമാറാൻ ആറു മണിക്കൂറോളം കാത്തിരിക്കേണ്ട സ്ഥിതിവിശേഷവുമുണ്ടായി. കൊവിഡ് വകഭേദങ്ങൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ വരുന്ന രണ്ടാഴ്ച ബ്രിട്ടന് നിർണായകമാകുമെന്നാണ് കണക്കുകൂട്ടൽ.
കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ച് യൂറോപ്യന്‍ യൂണിയന്‍. ഫൈസര്‍-ബയോണ്‍ടെക്ക് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്‍ തുടക്കം കുറിച്ചു. ശനിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ എത്തിയത്.
“കൊവിഡിനെതിരായ വാക്‌സിന്‍ വിതരണം യൂറോപ്യന്‍ യൂണിയന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ആരംഭിക്കും. ഐക്യത്തിന്റെ ഹൃദയസ്പര്‍ശിയായ നിമിഷമാണ് യൂറോപ്യന്‍ യൂണിയന്റെ വാക്‌സിനേഷന്‍ ദിവസങ്ങള്‍. മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനുളള ഏകമാര്‍ഗം പ്രതിരോധ കുത്തിവെപ്പാണ്,” യൂറോപ്യന്‍ യൂണിയൻ കമ്മീഷന്‍ ട്വിറ്ററിൽ വ്യക്തമാക്കി.
“കൊവിഡ് 19 വാക്‌സിന്‍ എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നാളെ ആരംഭിക്കും,” യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വണ്‍ ഡെര്‍ ലെയെന്‍ ട്വീറ്റ് ചെയ്തു. 27 അംഗരാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. 200 മില്യണ്‍ ഡോസുകളുടെ വിതരണം സെപ്റ്റംബര്‍ 2021-ഓടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും യൂറോപ്യന്‍ കമ്മിഷന്‍ പറഞ്ഞു.
വിവിധ മരുന്നുകമ്പനികളുമായി രണ്ടു കോടി വാക്‌സിന്‍ ഡോസിന്റെ കരാറിലാണ് യുറോപ്യന്‍ കമ്മിഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ക്രിസ്മസിന് പല രാജ്യങ്ങളും ലോക്ഡൗണിൽ ഇളവുകൾ നൽകിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനായി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങിയെത്തി.
ആദ്യഘട്ട വിതരണം ആരംഭിച്ച ബ്രിട്ടൻ വാക്സിൻ വിതരണം കൂടുതൽ സുഗമമായി നടത്താനുള്ള തയ്യാറെടുപ്പിലാണ്. ബ്രിട്ടനിൽ സ്ഥിരീകരിച്ച ജനിതകമാറ്റം വന്നെന്ന് സംശയിക്കുന്ന വൈറസ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി യു.കെ.-ഫ്രാൻസ് അതിർത്തി 48 മണിക്കൂർ അടച്ചത് തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ചരക്കുസേവനം തടസ്സപ്പെടാൻ കാരണമായി. ഇതുവരെ യൂറോപ്പിൽ രണ്ടരക്കോടിയോളം പേരാണ് കൊവിഡ് ബാധിതരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല