1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2021

സ്വന്തം ലേഖകൻ: ജൂലൈ 31 ഓടെ ബ്രിട്ടനിലെ എല്ലാ മുതിർന്ന ആളുകൾക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദീർഘകാലമായി കാത്തിരുന്ന റോഡ്മാപ്പിന്റെ സുപ്രധാന ഭാഗമായാണ് വാക്സിൻ കുത്തിവയ്പ്പിലെ ഈ നാഴികക്കല്ല്.

ശരത്കാലത്തോടെ 18 വയസും അതിൽ കൂടുതലുമുള്ള എല്ലാവരിലേക്കും കൊവിഡ് വാക്സിനേഷൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ ഈ വാഗ്ദാനം പാലിക്കാനുള്ള പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയാണ് ബോറിസ് ജോൺസൺ. 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നേരത്തെ നിർദ്ദേശിച്ചതുപോലെ മെയ് മാസത്തിന് മുൻപ് തന്നെ ലഭ്യമാക്കാനാണ് നീക്കം. ഏപ്രിൽ 15 നകം കുറഞ്ഞത് ഒരു ഡോസ് എങ്കിലും നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകുന്നു.

പ്രധാനമന്ത്രിയുടെ തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന റോഡ് മാപ്പ് പ്രകാരം എല്ലാ വിദ്യാർത്ഥികളും മാർച്ച് 8 ന് സ്കൂളുകളിലേക്ക് മടങ്ങും. ഇംഗ്ലണ്ടിലെ കെയർ ഹോം അന്തേവാസികൾക്ക് ഓരോരുത്തർക്കും ദിവസം ഒരു പതിവ് സന്ദർശകനെ അനുവദിക്കും. ഈസ്റ്ററിനോടനുബന്ധിച്ച്, അതായത് ഏപ്രിൽ തുടക്കത്തിൽ, രണ്ട് വീടുകളിലുള്ളവർക്ക് ഒരുമിച്ച് പുറത്ത് സന്ദർശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇതിന് പിന്നാലെ ഔട്ട്‌ഡോർ സേവനത്തിനായി മാത്രം അവശ്യമല്ലാത്ത ഷോപ്പുകളും പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കാൻ അനുവദിക്കും. ഹോസ്പിറ്റാലിറ്റി വ്യവസായം മെയ് മാസത്തിൽ വീണ്ടും പൂർണ്ണമായും തുറക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി. തിങ്കളാഴ്ച രാവിലെ നടക്കുന്ന വിപുലമായ കാബിനറ്റ് യോഗത്തിൽ അന്തിമ വിവരങ്ങൾ പ്രധാനമന്ത്രി അവതരിപ്പിക്കും.

തുടർന്ന് ഉച്ച കഴിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പായി പ്രധാനമന്ത്രി കോമൺസിൽ അൺലോക്ക് റോഡ്മാപ്പ് അവതരിപ്പിച്ച് അനുമതി തേടുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.