1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2019

സ്വന്തം ലേഖകൻ: ദേശീയ പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ആര്‍.സിയും ദേശീയ ജനസംഖ്യാ പട്ടികയും (എന്‍.പി.ആര്‍)തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷായുടെ വിശദീകരണം.

‘രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ പ്രധാന മന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രി സഭയിലോ ചര്‍ച്ച നടത്തിയിട്ടില്ല’ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞു.

ന്യൂനപക്ഷത്തിന് പൗരത്വം നഷ്ടമാകുമെന്ന പ്രതീതി ഇടതുപക്ഷം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസാണ് എന്‍.പി.ആര്‍ വിഭാവനം ചെയ്തത്. പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണെന്നും ഷാ പറഞ്ഞു. എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും വ്യത്യസ്ത പ്രക്രിയകളാണ് ഉള്ളത്. രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും അമിത് ഷാ. എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്‍.ആര്‍.സിക്കായല്ല.

എന്‍.പി.ആര്‍ വേണ്ടെന്ന് പറയുന്ന കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാര്‍ അത്തരത്തിലൊരു തീരുമാനമെടുക്കരുതെന്നും പുനരാലോചന നടത്തണമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ പരിഹസിച്ചും അമിത്ഷാ രംഗത്തെത്തി.

“നമ്മള്‍ സൂര്യന്‍ കിഴക്ക് നിന്നാണ് ഉദിക്കുന്നതെന്ന് പറഞ്ഞാല്‍ ഉവൈസിജിക്ക് അത് പടിഞ്ഞാറ് നിന്നായിരിക്കും. അവര്‍ എപ്പോഴും ഞങ്ങളുടെ അഭിപ്രായങ്ങളെ എതിര്‍ത്തു കൊണ്ടേയിരിക്കുന്നു. അപ്പോഴും ഞാന്‍ ഉറപ്പു നല്‍കുന്നു പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയുമായി ഒരു ബന്ധവുമില്ല,” ഷാ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.