1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2021

സ്വന്തം ലേഖകൻ: കാനഡയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി ഒന്നാമതെത്തി. 158 സീറ്റ് നേടിയ (ഫലം പ്രഖ്യാപിച്ചതും ലീഡ് ചെയ്യുന്നതും) പാർട്ടിക്ക് 338 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിനാവശ്യമായ 170 ൽ എത്താൻ കഴിഞ്ഞില്ല.
2 വർഷം മുൻപത്തെ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളിലും 1 കൂടുതലാണിത്.

കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുണ്ട് (2019ലും 121), ന്യൂ ഡമോക്രാറ്റ്സ് 25 (24), ബ്ലോക്ക് ക്യുബക്കോയി 34 (32), ഗ്രീൻസ് 2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുനില. ഇന്ത്യൻ വംശജനായ ജഗ്‍മീത് സിങ്ങിന്റെ ന്യൂ ഡമോക്രാറ്റ്സിന്റെ പിന്തുണ ട്രൂഡോയ്ക്കു ലഭിച്ചേക്കും. ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാരിന് ഭീഷണി ഇല്ലായിരുന്നെങ്കിലും കോവിഡ് മഹാമാരിയെ നേരിട്ടതിലെ ജനപിന്തുണ മുതലാക്കാൻ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറാവുകയായിരുന്നു. എന്നാൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

നിലവിലെ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിര്‍ണായകമാവുക 16 പഞ്ചാബികള്‍ ഉൾപ്പെടെ വിജയിച്ച 17 ഇന്ത്യന്‍ വംശജരുടെ നിലപാടാണ്. ന്യൂ ഡെമോക്രാറ്റിക് പാര്‍ടി നേതാവ് ജഗ്മീത് സിങ്ങിന്റെ പിന്തുണ ഇതോടെ സുപ്രധാനമായി മാറി. മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് 122 സീറ്റുകളേയുള്ളു. 48 സീറ്റുകളുടെ കുറവാണ് അവര്‍ക്കുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച 20 ഇന്ത്യന്‍ വംശജരില്‍ 19 പേരും പഞ്ചാബികളായിരുന്നു.

തിരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചാബികളില്‍ 14 പേരും ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കാരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ രണ്ടു പേരും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഒരാളുമാണ് ജയിച്ചത്. കര്‍ണാടകത്തില്‍ വേരുകളുള്ള ചന്ദ്രകാന്ത് ആര്യയാണ് പഞ്ചാബിയല്ലാത്ത ഏക ഇന്ത്യന്‍ വംശജന്‍. ഇയാളും ലിബറല്‍ പാര്‍ട്ടിക്കു വേണ്ടിയാണ് മല്‍സരിച്ചത്.

ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരില്‍ മന്ത്രിമാരായ മൂന്നു പേരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രതിരോധമന്ത്രിയായ ഹര്‍ജിത് സജ്ജന്‍ വാന്‍ക്യൂവര്‍ സൗത്തിലും വൈവിധ്യ വകുപ്പ് മന്ത്രി ബര്‍ദീഷ് ഛാഗര്‍ വാട്ടര്‍ലൂവിലും പബ്ലിക്് സര്‍വീസസ് മന്ത്രി അനിത ആനന്ദ് ഓക്ക്‌വില്ലയിലുമാണ് ജയിച്ചത്.

കാനഡയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ഒന്റാറിയോ പ്രവിശ്യയിലെ എട്ടു സീറ്റുകളും ബ്രിട്ടീഷ് കൊളംബിയയിലെ അഞ്ച് സീറ്റുകളും ആല്‍ബെര്‍ട്ടയിലെ മൂന്നു സീറ്റുകളും ഖ്യൂബെക്കിലെ ഒരു സീറ്റുമാണ് ഇന്ത്യന്‍ വംശജര്‍ക്ക് ലഭിച്ചത്. ഒന്റാറിയോയിലെ എട്ടു സീറ്റുകളും ബ്രിട്ടീഷ് കൊളംബിയയിലെ നാലു സീറ്റുകളും ആല്‍ബെര്‍ട്ടയിലെയും ക്യൂബെക്കിലെയും ഓരോ സീറ്റുകളും ലിബറല്‍ പാര്‍ട്ടിക്കാര്‍ക്ക് ലഭിച്ചു.

ആല്‍ബെര്‍ട്ടയിലെ രണ്ടു സീറ്റുകള്‍ കണ്‍സര്‍വേറ്റീവുകള്‍ നിലനിര്‍ത്തി. ന്യൂ ഡെമോക്രാറ്റിക് പാര്‍ടി നേതാവായ ജഗ്മീത് സിംഗ് ബ്രിട്ടീഷ് കൊളംബിയയിലെ ഏക സീറ്റ് നിലനിര്‍ത്തി. മൊത്തം 49 ഇന്ത്യന്‍ വംശജരാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ലിബറല്‍ പാര്‍ട്ടിക്കു വേണ്ടി 17 പേരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു വേണ്ടി 16 പേരും മല്‍സരിച്ചു. വിജയികളില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്.

ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് കാനഡയിലെ പഞ്ചാബി സമൂഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുടെ സമരത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തരുതെന്ന ജഗ്മീത് സിങ്ങിന്റെ നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്വതന്ത്ര സിഖ് രാജ്യം സ്ഥാപിക്കണമെന്ന ആവശ്യപ്പെടുന്ന ഖാലിസ്ഥാനി സംഘടനകള്‍ കാനഡയില്‍ സജീവമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

നിരോധിത സിഖ് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജഗമീത് സിങ്ങിന്റെ വിസ ഇന്ത്യ 2013ല്‍ റദ്ദാക്കിയിരുന്നു. കനേഡിയന്‍ പ്രതിരോധ മന്ത്രിയായ ഹര്‍ജിത് സിങ് സജ്ജന് ഖാലിസ്ഥാനി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഹര്‍ജിത് സിങ് ഖാലിസ്താനി അനുഭാവിയാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.