സ്വന്തം ലേഖകന്‍: മരണത്തിലും സ്വന്തം കുഞ്ഞിന്റെ ജീവന്‍ പൊതിഞ്ഞുപിടിച്ച പിതാവ്, ചൈനയില്‍ നിന്നൊരു നെഞ്ചുരുകുന്ന ദൃശ്യം. തകര്‍ന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 12 മണിക്കൂറിനു ശേഷം മൂന്നു വയസ്സുകാരിയെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ട പിതാവിന്റെ കൈകളാല്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി.
ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍സോവുവിലായിരുന്നു സംഭവം. ആറ് നിലയുള്ള കെട്ടിടം തകര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന നിരവധി കുടുംബങ്ങളിലെ 22 പേര്‍ മരണപ്പെട്ടിരുന്നു. അപടകമുണ്ടായി ഏറെ വൈകിയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് വു നിങ്‌സി എന്ന മൂന്നു വയസ്സുകാരിയെ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്ക് ഏറെ അടിയില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും ചെറിയ പരിക്കുകള്‍ മാത്രമേ കുട്ടിക്ക് ഏറ്റിരുന്നുള്ളൂ.
ഇഷ്ടികകള്‍ ശരീരത്തില്‍ വീഴാതെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച നിലയിലായിരുന്നു പിതാവിന്റെ ശരീരം കണ്ടെത്തിയത്. തകര്‍ന്നുവീണ ഒരു കോണ്‍ക്രീറ്റ് പില്ലറിന്റെ അടിയിലാണ് ഷൂ ഫാക്ടറി തൊഴിലാളിയായ അദ്ദേഹത്തിന്റെ ശരീരമുണ്ടായിരുന്നത്.
തകര്‍ന്ന വീട്ടില്‍നിന്ന് വു നിങ്‌സിന്റെ കുടുംബത്തിലെ മറ്റെല്ലാവരുടെയും ശവശരീരങ്ങള്‍ കണ്ടെടുത്തു. കെട്ടിടത്തിലുണ്ടായിരുന്നവരില്‍ അഞ്ച് പേര്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. തകര്‍ച്ചയിലായിരുന്ന കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തര്‍ന്നു വീണത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല