1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2019

സ്വന്തം ലേഖകന്‍: ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ 31,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം 31,000 കോടി രൂപ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും തങ്ങളുടെ തന്നെ കടലാസ് സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. വായ്പയെടുത്തതിന്റെ ഒരു പങ്ക് ബി.ജെ.പിക്ക് സംഭാവന നല്‍കിയതിന്റെയും തെളിവുകളാണ് കോബ്ര പോസ്റ്റ് പുറത്തുവിട്ടത്.

ഡി.എച്ച്.എഫ്.എല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ ഇടപാടുകളുടെ രേഖകളും ബാലന്‍സ് ഷീറ്റും പൊതുമേഖല ബാങ്കുകളുടെ രേഖകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാണ് കോബ്ര പോസ്റ്റ് തട്ടിപ്പിന്റെ ചുരുളഴിച്ചിരിക്കുന്നത്. പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കോടികള്‍ ചെറുകമ്പനികള്‍ക്ക് വായ്പ നല്‍കുന്നു. പിന്നീട് വിദേശത്തും സ്വദേശത്തുമുള്ള സഹോദര കമ്പനികളിലേക്കും വ്യവസായങ്ങളിലും നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്.

ശ്രീലങ്ക, ദുബൈ, യു.കെ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പണം കടത്തിയത്. ചേരി വികസനം പോലുള്ള പദ്ധതികളുടെ പേരില്‍ അനുവദിച്ച വായ്പ ഉപയോഗിച്ച് ശ്രീലങ്കയില്‍ ക്രിക്കറ്റ് ക്ലബ് വരെ വാങ്ങി. എസ്.ബി.ഐ ആണ് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത്. 11000 കോടി. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 4000 കോടിയും. ഗുജറാത്ത്, കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് മാത്രം ആയിരം കോടി രൂപ വായ്പ ഡി.എച്.എഫ്.എല്‍ സഹോദര സ്ഥാപനങ്ങളിലേക്ക് മാറ്റി.

കമ്പനി 20 കോടി രൂപ ബി.ജെ.പിക്ക് നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂലം തെളിയിക്കുന്നു. മഹാരാഷ്ട്രക്കാരായ വധാവന്‍ കുടുംബത്തിന്റേതാണ് ചെറുകിട ഹൗസിങ് വായ്പകള്‍ നല്‍കുന്ന ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനമായ ഡി.എച്.എഫ്.എല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.