1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: ദേശീയപാത ഉപരോധ സമരത്തോട് രൂക്ഷമായി പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. സമരം അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജോജുവിന്റെ കാറിന്റെ പുറകിലെ ചില്ല് പൂർണമായി തകർന്നു.

സമരത്തെ തുടർന്നുള്ള ഗതാഗത കുരിക്കിൽ ആംബുലൻസുൾപ്പെടെ കുടുങ്ങിക്കിടന്ന സാഹചര്യത്തിലായിരുന്നു സമരത്തിനെതിരെ രോഷാകുലനായി ജോജു ജോർജ് പ്രതികരിച്ചത്. വാഹനത്തിൽ നിന്നും ഇറങ്ങി സമര സ്ഥലത്ത് എത്തിയ അദ്ദേഹം നേതാക്കളോട് ക്ഷോഭിക്കുകയായിരുന്നു.

11 മണി മുതൽ 12 വരെയാണ് ഉപരോധ സമരം നടത്താൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ ജോജുവിന്റെ പ്രതിഷേധത്തെ മറ്റ് യാത്രക്കാർ കൂടി പിന്തുണച്ചോതെ പോലീസ് എത്തി സമരക്കാരെ സ്ഥലത്ത് നിന്നും നീക്കാൻ ആരംഭിച്ചു. ഇതോടെ ഒരു മണിക്കൂർ നീണ്ട സമരം 45 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചു. ജോജുവിന്റെ വാഹനം കടന്നുപോകാൻ ആരംഭിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. പോലീസ് പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും പ്രവർത്തകർ വാഹനത്തിന്റെ ചില്ല് തകർത്തു.

“ഒരു ഷോ കാണിക്കാൻ ഇറങ്ങിയതല്ല ഞാനിവിടെ, രണ്ടു മണിക്കൂറായി ആളുകൾ കുടുങ്ങിക്കിടക്കുന്നു. ഈ കൊറോണക്കാലത്ത് നിത്യവൃത്തിക്കു വേണ്ടി ഓടുന്നവരാണ് ഇവിടെയുള്ളത്. ഞാൻ ഇവിടെക്കിടന്നു ചത്തു പോയാൽ എന്തു ചെയ്യും. ഇനിയെങ്കിലും ഇവിടെ ഇതു നടക്കരുത്. പൊലീസ് പറഞ്ഞിട്ടുപോലും സമരക്കാർ കേൾക്കുന്നില്ല. രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല. ഇതിനർഥം ഡീസലിനും പെട്രോളിനും വില കൂടിയതിൽ ഒരു പ്രശ്നവും ഇല്ലെന്നല്ല, ഇതല്ലല്ലോ ഇതിന്റെ സിസ്റ്റം. ഇങ്ങനെ ചെയ്തിട്ട് വില കുറയുമോ?കുട്ടികളെ അടക്കം തടഞ്ഞിട്ടിരിക്കുകയാണ്. കുറച്ച് പക്വതയുള്ള അളുകളല്ലെ നമ്മുടെ നാട് ഭരിക്കേണ്ടത്,“ ജോജു ചോദിച്ചു.

അതേസമയം ജോജുവിന്റെ ആളാകാനുള്ള അടവാണെന്ന് കോൺഗ്രസ് പറഞ്ഞു. മദ്യപിച്ചാണ് ജോജു എത്തിയത്. സമരക്കാർക്ക് നേരെ അസഭ്യം പറഞ്ഞ നടൻ വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ മുതിർന്നെന്നും കോൺഗ്രസ് ആരോപിച്ചു.

ജോജു മദ്യപിച്ചു വന്ന് അഭ്യാസം കാണിക്കുകയായിരുന്നു എന്നാണ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. അതേസമയം ജോജു ജോര്‍ജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നും പൊലീസ്. ഇതോടെ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണമാണ് പൊളിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.