1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2019

സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിപിന്‍ റാവത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ സൈനിക മേധാവിക്ക് അനുവാദം നല്‍കിയാല്‍ നാളെ സൈന്യം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നല്‍കുമെന്ന് കോണ്‍ഗ്രസ് വാക്താവ് ബ്രിജീഷ് കളപ്പ ട്വീറ്റ് ചെയ്തു.

മോഡി സര്‍ക്കാരിനു കീഴില്‍ സ്ഥിതിഗതികള്‍ എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്ന് കരസേനാ മേധിവിയുടെ പ്രസ്താവന അടിവരയിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മോദിക്ക് കീഴില്‍ യൂണിഫോമിലുള്ള ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്റെ എല്ലാ പരിധികളും ലംഘിക്കാന്‍ കഴിയും. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് പാകിസ്താന്റെ വഴിയാണോ പോകുന്നത് എന്ന ചോദ്യം ഞങ്ങള്‍ ഉന്നയിക്കേണ്ടത് ആവശ്യമാണ്.

ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ നിന്നുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ കാര്യങ്ങളില്‍ ഇത്തരം മ്ലേച്ഛമായ ഇടപെടല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേള്‍ക്കാത്തതാണെന്നും യെച്ചൂരി പറഞ്ഞു. ബിപിന്‍ റാവത്തിന്റെ പ്രസ്താവനക്കെതിരെ മറ്റു വിവിധ പാര്‍ട്ടി നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജനങ്ങളെ അനുചിതമായ വഴികളിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നും തീവെപ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നത് നല്ല നേതൃത്വമല്ലെന്നുമടക്കമാണ് ബിപിന്‍ റാവത്ത് പറഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ചായിരുന്നു വിമര്‍ശം.

ആദ്യമായിട്ടാണ് ഒരു കരസേനാ മേധാവി ഇത്തരത്തില്‍ രാഷ്ട്രീയ പരാമര്‍ശം നടത്തുന്നത്. ഡിസംബര്‍ 31-ന് ബിപിന്‍ റാവത്ത് വിരമിക്കുകയാണ്. പുതുതായി വരുന്ന ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി ബിപിന്‍ റാവത്തിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടയിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പരാമര്‍ശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.