
സ്വന്തം ലേഖകൻ: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി ‘ബ്രേക്ക് ദ ചെയിന്‍’ എന്ന പേരില്‍ ബൃഹത്തായ കാമ്പയിന്‍. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കാമ്പയിന്‍റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.
ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയവയാണ് വൈറസ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. ഫലപ്രദമായി കൈ കഴുകുക എന്നതാണ് ഇത് സുപ്രധാനം. ഇക്കാര്യം എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പൊതുജങ്ങളെക്കൂടാതെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയും കാമ്പയിന്‍റെ ഭാഗമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ കാമ്പയനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതില്‍ കുറയ്ക്കുവാനും പകര്‍ച്ചവ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനാമാകും.
ക്യാമ്പയിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍
- സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ‘ബ്രേക്ക് ദ ചെയിന്‍’ കിയോസ്‌കുകള്‍ സ്ഥാപിക്കണം.
- റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ‘ബ്രേക്ക് ദ ചെയിന്‍’ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകള്‍ വൈറസ് മുക്തമാക്കി കയറുന്നെന്ന് ഉറപ്പുവരുത്തുകയും വേണം.
- ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ‘ബ്രേക്ക് ദ ചെയിന്‍’ കാമ്പയന്റെ ഭാകമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കാം.
- രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന കാമ്പയ്നാക്കി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കണം.
- കാമ്പയിന്‍റെ ഹാഷ്ടാഗ് #breakthechain മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല