
സ്വന്തം ലേഖകൻ: കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറ്റലി. മരണനിരക്ക് ഏത് വിധേയനയും പിടിച്ച് നിര്‍ത്തുന്നതിനൊപ്പം രോഗവ്യാപനം തടയാനുള്ള ഒരു ശ്രമം കൂടിയാണ് നിലവില്‍ ഭരണകൂടം നടത്തുന്നത്. തുടക്കത്തില്‍ രോഗവ്യാപനം തടയുന്നതില്‍ പതറിപ്പോയ ആരോഗ്യരംഗം ശക്തമായ നടപടികളുമായി, കൃത്യമായ മുന്നൊരുക്കത്തോടെ ഇപ്പോള്‍ മുന്നോട്ടുപോകുകയാണ്.
പതിനായിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലെ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. ദിവസങ്ങളോളം വീടിനകത്തുപെട്ടുപോയവര്‍ക്ക് പക്ഷേ അതിന്റെ പരാതിയില്ല. പകരം ഒറ്റക്കെട്ടോടെ, ഒരേ മനസോടെ ഈ മഹാമാരിയെ അതിജീവിക്കണമെന്ന ചിന്തമാത്രമാണ് അവരിലുള്ളത്.
റോം നഗരത്തിലെ ഓരോ ഫ്‌ളാറ്റുസമുച്ചയങ്ങളില്‍ നിന്നും ഇപ്പോള്‍ ഉച്ചത്തിലുള്ള ഗാനങ്ങളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അവര്‍ പാടുകയും താളം പിടിക്കുകയും ചെയ്യുമ്പോള്‍ അവര്‍ അറിയാതെ ഇല്ലാതാക്കുന്നത് ഉള്ളില്‍ നിറയുന്ന ഭയത്തെ കൂടിയാണ്.
പ്രിയപ്പെട്ടവരില്‍ പലരും രോഗത്തിന്റെ പിടിയിലായിരിക്കുന്നു.. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. നാളെ എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥ. എന്നാല്‍ ഈ നിസ്സഹായാവസ്ഥയിലും തളര്‍ന്നിരിക്കാന്‍ അവര്‍ ഒരുക്കമല്ല.
കൊറോണ വൈറസ് ബാധിച്ച ഇറ്റലിയിലെ റോം, നേപ്പിള്‍സ്, സെയ്‌ന തുടങ്ങിയ നഗരങ്ങളിലെ ഫ്‌ളാറ്റുകളിലെ ബാല്‍ക്കണിയില്‍ ഇരുന്ന് നിരവധി ആളുകളാണ് പാട്ടുകള്‍ പാടുകയും അതിനൊപ്പം ചുവടുവെക്കുകയും ചെയ്യുന്നത്.
ബാല്‍ക്കണിയില്‍ എത്തി ആളുകള്‍ പാടുന്നതിന്റേയും ചുവടുകള്‍ വെക്കുന്നതിന്റേയും വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പാട്ടിനൊപ്പം ഡോലക് കൊട്ടുകയും സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ട്. താളം പിടിക്കാന്‍ സംഗീത ഉപകരണങ്ങള്‍ ഇല്ലാത്തവരാകട്ടെ അടുക്കളയിലെ ഫ്രൈയിങ് പാനാണ് ‘ആയുധ’മാക്കിയത്.
“എല്ലാ ശരിയാകുമെന്ന്” വെള്ളതുണിയില്‍ എഴുതി സ്വന്തം ബാല്‍ക്കണിയില്‍ വിരിച്ച് പ്രതീക്ഷ പങ്കുവെക്കുന്നവരും ഇവര്‍ക്കിടയില്‍ ഉണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിലുമാണെങ്കിലും ഒരു വശത്തെ ഫ്‌ളാറ്റില്‍ നിന്നും പാടുന്നവര്‍ക്കൊപ്പം കൂടി മറുവശത്തെ ഫ്‌ളാറ്റില്‍ നിന്നും ചിലര്‍ നൃത്തചുവടുകള്‍ വെക്കുന്ന വീഡിയോകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല