1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുതിയ രോഗികൾ 1344 പേരാണ്. ഇതില്‍ 1115 പേരാണ് പ്രവാസികള്‍. ഇതോടെ ആകെ മരണ സംഖ്യ 169 ആയി. ആകെ രോഗികളുടെ എണ്ണം 24097 ആയും ഉയര്‍ന്നു.

117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ രോഗമുക്തി 3555 പേര്‍ക്കാണ്. ഇന്ന് 392 പേര്‍ക്കാണ് രോഗമുക്തി. ഇതുവരെയുള്ള ഓരോ ദിവസത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. ഇതില്‍ 290 പേര്‍ റിയാദിലാണ്.

റിയാദില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. പരിശോധന വ്യാപകമാക്കിയതാണ് രോഗികള്‍ കൂടുവാന്‍ കാരണം. രാജ്യത്ത് ഫീൽഡ് സർവേ പതിനഞ്ചാം ദിവസവും തുടരുകയാണ്. ജിദ്ദയിൽ നാലു പേരും മക്കയിലും മൂന്നുപേരുമാണ് ഇന്ന് മരിച്ചത്. 46നും 75നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. പുതിയ രോഗികളിൽ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്.

ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സനാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഇതോടെ സൌദിയില്‍ ആകെ മരണപ്പെട്ട മലയാളികളുടെ എണ്ണം ആറായി.

യുഎഇയിൽ 24 മണിക്കൂറിനിടെ 4 മലയാളികൾ മരിച്ചതുൾപ്പെടെ കോവിഡ് മരണം 111 ആയി. രോഗികൾ 13,038. അബൂദബിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്ന് മരിച്ചു. തിരൂർ മുത്തൂർ സ്വദേശി പാലപ്പെട്ടി മുസ്തഫയാണ് (62) മരിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ഇദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പത്തനംതിട്ട ഇടപ്പുരയിൽ ഇടപ്പരിയാരം ഇലന്തൂർ പ്രകാശ് കൃഷ്ണന്റേതാണ് (55) ഇന്ന് സ്ഥിരീകരിച്ച മറ്റൊരു മരണം. ഒന്നര ആഴ്ച മുന്‍പാണ് പ്രകാശ് കൃഷ്ണന്‍ പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നാണ് മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 24 വര്‍ഷമായി അബൂദബിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.

കുവെെത്തില്‍ 353 പേർക്കുകൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4377 ആയി വർദ്ധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 103 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 1997 ആയി.

45 വയസ്സുള്ള ഇന്ത്യക്കാരൻ ഉൾപ്പെടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നാല് പേരുടെ മരണം കൂടി ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലമുള്ള രാജ്യത്തെ മരണസംഖ്യ 30 ആയി. ഇതിൽ 11 പേരാണ് ഇന്ത്യക്കാർ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 103 ഇന്ത്യക്കാർ ഉൾപ്പെടെ 337 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. ഏഴ് കുവൈത്തികൾക്കു കോവിഡ് ബാധിച്ചത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 9 കുവൈത്ത് പൗരന്മാർക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

പുതുതായി 63 പേർ കൂടി രോഗമുക്തി നേടിയതിടെ കോവിഡ് മുക്തരായവരുടെ എണ്ണം 1602 ആയി.നിലവിൽ 2745 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 70 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 34 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

ഖത്തറില്‍ കോവിഡ് ബാധിതരായ രണ്ട് പേര്‍ കൂടി മരിച്ചു. 96 വയസ്സുള്ള വ്യക്തിയും 40 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. രണ്ട് പേര്‍ക്കും നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം.

പുതുതായി 687 പേരിലാണ് ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 14096 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണ്. അതേസമയം 64 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1436 ആയി.

ഒമാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 33 വയസുകാരിയായ സ്വദേശി യുവതിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്​ച വൈകുന്നേരം അറിയിച്ചു. ഒമാനിലെ 11ാമത്തെ കോവിഡ്​ മരണമാണിത്​. നാല്​ സ്വദേശികളും ഏഴ്​ വിദേശികളുമാണ്​ ഇതുവരെ മരണപ്പെട്ടത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.