
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 7107 പേര്‍ക്ക് രോഗമുക്തി. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:
ചില സ്ഥലങ്ങളിൽ ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളുടെ അടുത്തുള്ളവർ നിരീക്ഷണത്തിൽ കഴിയുന്നവരോട് അസഹിഷ്ണുത കാണിക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരയിലുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്ക് വേണ്ട സഹായം നമ്മൾ നൽകണം. അവർ രോഗം സ്ഥിരീകരിക്കാത്തവരാണ്. പ്രൈമറി കോണ്ടാക്ടിൽ വന്നവരാണ് ഇത്. സമൂഹത്തിന്‍റെ സുരക്ഷ കൂടി കരുതിയാണ് അവർ നിരീക്ഷണത്തിൽ കഴിയുന്നത്. അവരോട് മോശമായ പെരുമാറ്റം ഉണ്ടാകരുത്. മാന്യമായി ഇടപെടുകയും പിന്തുണ നൽകുകയും വേണം.
അയൽക്കൂട്ട യോഗം, റെസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെ കാര്യത്തിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ പങ്കെടുക്കരുത്. ബ്രേക് ദി ചെയിൻ നിർദ്ദേശം യോഗത്തിൽ പങ്കെടുക്കുന്നവർ പാലിക്കണം. പ്രായമായവരെയും കുട്ടികളെയും ഇത്തരം യോഗങ്ങളിൽ നിന്ന് ഒഴിവാക്കണം. കൊല്ലത്ത് കൊവിഡ് രോഗ നിർണയത്തിന് പുതിയ സംവിധാനം ഒരുക്കുന്നു. ലാബ് രോഗബാധിതരുടെ അടുക്കലേക്ക് എത്തും. ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവാക്കി കെബി ഗണേഷ് കുമാർ എംഎൽഎയാണ് ലാബ് സജ്ജമാക്കിയത്. ഇതിൽ ആന്‍റിജന്‍ പരിശോധന നടത്താനും ആർടിപിസിആറിന് വേണ്ട സ്രവവും ശേഖരിക്കാനാവും.
പത്തനംതിട്ടയിൽ ഇരവിപേരൂരിലെ ആശ്വാസ ഭവനത്തിൽ ഇന്നലെ 175 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടം സിഎഫ്എൽടിസിയാക്കി. ഡോക്ടറുടെയും നഴ്സിന്‍റെയും സേവനം ലഭ്യമാക്കി. സ്വകാര്യ സഹായത്തോടെ സ്റ്റെപ് കിയോസ്ക് ഒരുക്കും. കോട്ടയം ജനറൽ ആശുപത്രിയിൽ 40 കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം ഉടൻ തുറക്കും. മെഡിക്കൽ കോളേജിലും പുതിയ 140 കിടക്കകൾ സജ്ജമാക്കും. എറണാകുളത്ത് പ്ലാസ്മ ചികിത്സയ്ക്കായി 184 പേരിൽ നിന്ന് പ്ലാസ്മ ശേഖരിച്ചു. 168 പേരുടേത് ഉപയോഗിച്ചു. 25 പേർ ദാനത്തിനായി കാത്തുനിൽക്കുന്നു.
തൃശ്ശൂരിൽ 31 തദ്ദേശ സ്ഥാപനങ്ങൾ അതിനിയന്ത്രിത മേഖലയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിനെ പൂർണ്ണ സജ്ജമാക്കി മരണ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. സൗകര്യങ്ങൾ വർധിപ്പിക്കും. കാസർകോട് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച ആശുപത്രി ബുധനാഴ്ച പ്രവർത്തനം തുടക്കും. മെഡിക്കൽ പാരാമെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ 191 തസ്തിക ഒരുക്കി. ഇപ്പോൾ കൊവിഡാശുപത്രിയാണ്. കൊവിഡ് നിയന്ത്രണ വിധേയമായാൽ സാധാരണ ആശുപത്രിയാകും.
തെയ്യം ഇന്ന് മുതൽ ആരംഭിക്കുകയാണ്. കാസർകോട് കൊവിഡ് മാനദണ്ഡം പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. കോലധാരികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. മാസ്ക് ശരിയായ വിധത്തിലല്ല നല്ലൊരു വിഭാഗവും ധരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ദിനേന വർധിക്കുന്നു. ധരിക്കുന്നയാളുടെ സുരക്ഷ മാത്രമല്ല, ആ വ്യക്തിയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും സുരക്ഷ മാസ്ക് ഉറപ്പാക്കാനാവും. ഇത് പരമാവധി പ്രചരിപ്പിക്കണം.
കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ്ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളിൽ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല