1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2020

സ്വന്തം ലേഖകൻ: അതിഥി തൊഴിലാളികളെ മടക്കി അയക്കാനുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികള്‍ മടങ്ങിയാല്‍ കെട്ടിട നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സൗജന്യ ബസ് സര്‍വീസും സര്‍ക്കാര്‍ നിര്‍ത്തുന്നതായുള്ള വാർത്തകളും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയർത്തുന്നത്.

അഞ്ച് ദിവസത്തേക്ക് പ്രതിദിനം രണ്ട് തീവണ്ടികള്‍ വീതം കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി കര്‍ണാടകം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കെട്ടിട നിര്‍മാതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ബുധനാഴ്ച തീവണ്ടി സര്‍വീസ് ആവശ്യമില്ലെന്ന് വ്യക്തമാക്കി അന്തര്‍സംസ്ഥാന യാത്രകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ എന്‍. മഞ്ജുനാഥ് പ്രസാദ് റെയില്‍വേയ്ക്ക് കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.

സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് കുടിയേറ്റ തൊഴിലാളികളോട് അഭ്യര്‍ഥിക്കാന്‍ സംസ്ഥാന മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെട്ടിട നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. തൊഴിലാളികള്‍ക്കു വേണ്ട സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെട്ടിട നിര്‍മാണം സംസ്ഥാനത്ത് പുനരാരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ അസത്യ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും വ്യവസായ ലോബി കുടിയേറ്റ തൊഴിലാളികളുടെ യാത്ര തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്തെത്തി. കുടിയേറ്റ തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്. നിര്‍ധനരായ തൊഴിലാളികള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.