1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2020

സ്വന്തം ലേഖകൻ: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റസാ ഗിലാനിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അന്വേഷണ ഏജന്‍സിയായ നാബുമാണ് പിതാവിന് രോഗം ബാധിക്കാന്‍ കാരണമെന്നും കാസിം കുറ്റപ്പെടുത്തി. തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് ഇമ്രാന്‍ ഖാന് നന്ദി എന്നായിരുന്നു കാസിമിന്റെ പരിഹാസം. റാവല്‍പിണ്ടിയില്‍ വ്യാഴാഴ്ച നാബിന്റെ ആസ്ഥാനത്തെ കോടതിയില്‍ ഗിലാനി ഹാജരായിരുന്നു.

നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ഗിലാനി ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫ്, പിപിപി സഹ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി എന്നിവര്‍ക്ക് ആഡംബര കാറുകള്‍ ലഭിക്കുന്നതിന് സൗകര്യം ചെയ്തത് ഗിലാനി ആണ് എന്നാണ് ആരോപണം. കാറിന്റെ 15 ശതമാനം വില മാത്രമാണ് ഇരുവരും നല്‍കിയത്. ബാക്കി കൈക്കൂലി ആണെന്നാണ് ആക്ഷേപം. കോടതിയില്‍ ഹാജരായ ശേഷമാണ് പിതാവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടാന്‍ തുടങ്ങിയതെന്ന് കാസിം സൂചിപ്പിക്കുന്നു.

പാകിസ്താനില്‍ കൊറോണ വൈറസ് രോഗം ബാധിക്കുന്ന പ്രമുഖരില്‍ ഒടുവിലത്തെ ആളാണ് ഗിലാനി. നേരത്തെ നവാസ് ഷെരീഫിന്റെയും ഇമ്രാന്‍ ഖാന്റെയും പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്രീദി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡയ വഴി അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഫലം ലഭിച്ച ശേഷമാണ് താരം രോഗം ബാധിച്ചുവെന്ന് ട്വിറ്ററില്‍ അറിയിച്ചത്. തന്റെ രോഗ ശമനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അഫ്രീദി ആരാധകരോട് അഭ്യര്‍ഥിച്ചു. ഇതു വരെ രാജ്യത്ത് 132,405 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,551 പേര്‍ മരിച്ചു. അര ലക്ഷം പേര്‍ക്ക് രോഗം ഭേദമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.