
സ്വന്തം ലേഖകൻ: സന്ദർശകരെയും വിനോദ സഞ്ചാരികളെയും സ്വാഗതം ചെയ്ത് ഷാർജ. ആതിഥ്യമര്യാദ, പരിസ്ഥിതി ടൂറിസം ഒഴിവുസമയ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിയതായി ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കുക.
സന്ദർശകരുടെയും താമസക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള യുഎഇ സർക്കാരിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പ്രവർത്തനമെന്ന് അധികൃതർ പറഞ്ഞു.
എല്ലാ വിനോദകേന്ദ്രങ്ങളും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. തുടർച്ചയായ അണുവിമുക്തമാക്കൽ നടപടിക്കു പുറമെ പ്രവേശന കവാടങ്ങളിൽ ശരീരോഷ്മാവ് അളക്കുന്ന സ്കാനറുകൾ സ്ഥാപിക്കുമെന്നും അൽ ഖസീർ ഉറപ്പ് നൽകി. സന്ദർശകർ മാസ്കുകളും കൈയ്യുറകളും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ഓരോ സ്ഥലത്തും മെഡിക്കൽ ടീമും ലഭ്യമായിരിക്കും.
ദുബായിലും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിരുന്ന പൊതു ബീച്ചുകളും ഹോട്ടൽ ബീച്ചുകളും തുറന്നു. കടലിൽ കുളിക്കാനിറങ്ങുന്നവർ, വ്യായാമം നടത്തുന്നവർ തുടങ്ങിയവരെയെല്ലാം ദുബായ് ബീച്ചുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അധികൃതർ പറഞ്ഞു. കൂടാതെ, ദുബായിലെ നീന്തൽക്കുളങ്ങൾ, ക്യാംപിങ്, വാട്ടർപാർക്കുകൾ, പബ്ലിക് പാർക്കുകൾ എന്നിവയുൾപ്പെടെ മറ്റു വിനോദ കേന്ദ്രങ്ങളും പരിപാടികളും പുനരാരംഭിച്ചിട്ടുണ്ട്.
ബീച്ചുകളിലും മറ്റു വിനോദ കേന്ദ്രങ്ങളിലും സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം. ബീച്ചിലേയ്ക്ക് പോകുന്നവർ രണ്ടു മീറ്റർ അകലത്തിൽ മാത്രമേ നിൽക്കാവൂ. വെയിൽ കായാനുള്ള ബെഡുകൾ നിശ്ചിത അകലം പാലിച്ചായിരിക്കണം വയ്ക്കേണ്ടത്. ഗ്രൂപ്പുകളായി സൺബാത് നടത്തുന്നവർ തമ്മിൽ നാലു മീറ്റർ അകലവും പാലിക്കണം.
ദുബായ് മുനിസിപാലിറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്വിമ്മിങ് പൂളുകൾ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കണം. നീന്തൽക്കുളം ഉപയോഗിക്കുന്നവർ, ജീവനക്കാർ, പരിശീലകർ, സന്ദർശകർ എന്നിവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ, നീന്തുമ്പോൾ മാസ്ക് അഴിച്ചുവയ്ക്കാം.
നീന്തൽക്കുളം ഉപയോഗിക്കുന്നവർ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. സംഘമായെത്തുന്നവർ അഞ്ചു പേരേ ഉണ്ടാകാൻ പാടുള്ളൂ. നാലു മീറ്റർ അകലമാണ് ഇവർ പുലർത്തേണ്ടത്. ദുബായ് ടൂറിസം ഇൻസ്പെക്ടർമാർ സ്ഥിരമായി ബീച്ചുകളും നീന്തൽക്കുളങ്ങളും മറ്റും നിരീക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ ഫുജൈറയിലും ദുബായിലും കൊവിഡ് ബാധിച്ച് ഓരോ മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര മരതമൻപിള്ളി സ്വദേശി സിജോ ഭവനിൽ യോഹന്നാൻ കുഞ്ഞുമോനാണ് (56) ദുബായിൽ മരിച്ചത്. ഇൻവെസ്റ്റ്മെന്റ് പാർക്കിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. 29 വർഷമായി അസ്വാൻ എഞ്ചിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ്.
ഫുജൈറയിൽ മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമർബാവയാണ് (58) മരിച്ചത്. ഫുജൈറയിൽ സ്വകാര്യസ്ഥാപനത്തിന്റെ പി ആർ ഒ ആയിരുന്നു. കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ പ്രമേഹരോഗത്തിന് ചികിൽസയിലായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല