1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് വ്യാപകമായ ഭീതി ഉയര്‍ത്തി പടരുത്ത കൊറോണ വൈറസ് രോഗം ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനാണ് ദുരന്തമായി പ്രഖ്യാപിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചു.

എന്നാൽ കൊറോണ ധനസഹായം സംബന്ധിച്ച ഉത്തരവ് കേന്ദ്രം പിന്നീട് തിരുത്തി. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന ഉത്തരവിലാണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ഇതിനൊപ്പം ചികിത്സാ സഹായവും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ ഉത്തരവ് ഇറക്കിയത്.

ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൊറോണയെ കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചത്.

കൊറോണയെ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള പണം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. പ്രധാനമായും ലാബുകള്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്കായി എസ്ഡിആര്‍എഫില്‍ നിന്നുള്ള പണം ഉപയോഗിക്കാം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. വാര്‍ഷിക ഫണ്ടില്‍ നിന്നും പത്തുശതമാനം വരെ ലാബുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കുമായി വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായവും കൊറോണ സ്ഥിരീകരിച്ച ആളുകളുടെ ചികിത്സാ ചെലവും ഈ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു, എന്നാല്‍ ഈ നിര്‍ദേശം പിന്‍വലിച്ചുകൊണ്ടാണ് ഏറ്റവും പുതിയ ഉത്തരവ് വന്നിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടില്‍ നിന്ന് തുക ഉപയോഗിക്കാം. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.