
സ്വന്തം ലേഖകൻ: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേര് അധികൃതരെ കബളിപ്പിച്ച് നാട്ടില്‍ കറങ്ങിയത് ഒരാഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ മാസം 29 ന് ഇറ്റലിയില്‍ നിന്ന് കേരളത്തില്‍ എത്തിയ മൂന്ന് പേര്‍ക്കും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കോറോണ ബാധ സ്ഥരീകരിച്ചിരിക്കുന്നത്.
ഇറ്റലിയില്‍ നിന്ന് മടങ്ങി വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അവര്‍ ബന്ധുവീട് സന്ദര്‍ശിച്ചിരുന്നു.ബന്ധുവീട്ടിലെ രണ്ട് പേര് പനിയായി താലൂക്ക് ആശുപത്രിയില്‍ വന്നപ്പോള്‍ അവര്‍ ലക്ഷണങ്ങള്‍ കണ്ട് ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അവരില്‍ നിന്നാണ് ബന്ധുക്കളുടെ വിവരം അറിഞ്ഞത്.
ഇറ്റലിയില്‍ നിന്ന് തിരിച്ചു വന്നവരില്‍ നിന്ന് ഉത്തരവാദിത്വബോധത്തോടെയുള്ള പ്രതികരണമായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അവര്‍ ആശുപത്രിയിലേക്ക് മാറുവാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുകയാണുണ്ടായത്.
വൈറസ് ബാധ സ്ഥിരീകരിച്ച വിദേശ മലയാളികള്‍ക്ക് രോഗ ലക്ഷണം കാണിച്ചിട്ടും ആശുപത്രിയിലേക്ക് മാറാന്‍ വിസമ്മതിച്ചിരുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 29-ന് വെനീസില്‍ നിന്നും പുറപ്പെട്ട രോഗബാധിതര്‍ മാര്‍ച്ച് ആറാം തീയതിയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായത്.
നിലവില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീ, ഇങ്ങനെ അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരെ നേരത്തെ റാന്നിയിലെ ആശുപത്രിയില്‍ ഇറ്റലി യാത്ര മറച്ചുവെച്ച് ചികിത്സ തേടിയിരുന്നു. ഇവരെ ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബം പുനലൂരിലേയും കോട്ടയത്തേയും ബന്ധു വീടുകളില്‍ പോയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട എസ്.പി ഓഫീസിലും എത്തിയിരുന്നു.
ഇവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരില്‍ നിന്ന് ആരോഗ്യവകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന രോഗ ബാധിതരുടെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള രണ്ടുപേരുണ്ട്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നതും മറച്ചുവെക്കുന്നതും കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊറോണ ബാധിത മേഖലകളില്‍ നിന്നും തിരിച്ചു നാട്ടില്‍ വന്ന വരുണ്ടെങ്കില്‍ അടിയന്തരമായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രത്യേകിച്ച് ഇറാന്, ഇറ്റലി, സൗദി, കൊറിയ, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
ഇവര്‍ സഞ്ചരിച്ച ഫെബ്രുവരി 29 ന്റെ QR 126 വെനീസ് – ദോഹ ഫ്ളൈറ്റ്, ഖത്തര്‍ എയര്‍വേയ്സിന്റെ QR 514 ദോഹ- കൊച്ചി ഫ്ളൈറ്റില്‍ യാത്ര നടത്തിയവര്‍ എന്നിവര്‍ എത്രയും പെട്ടന്ന് ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
DISHA : O4712552056 , Toll Free 1056, എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല