1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2021

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല.

വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ വിമാനങ്ങളിൽ തിരിച്ചുവരികയുമാവാം. കച്ചവടസ്ഥാപനങ്ങൾ രാത്രി 8 മുതൽ രാവിലെ 5 വരെ അടച്ചിടും. സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും പ്രവർത്തിക്കില്ല.

സൗദിയിൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതിനു പിന്നാലെ വിനോദപരിപാടികൾ 10 ദിവസത്തേക്കും വിവാഹ പാർട്ടികളും കോർപറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും വിലക്കി. തിയറ്ററുകൾ, ഷോപ്പിങ് സെന്ററുകളിലും റസ്റ്ററന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങൾ 10 ദിവസം തുറക്കില്ല.

യുഎഇയിൽ പബ്ബുകളും ബാറുകളും അടച്ചു. ഗ്ലോബൽ വില്ലേജിലെയടക്കം വിനോദപരിപാടികൾ നിർത്തിവച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി. യുഎഇയിലേക്കു വരുന്നവർ 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കണം. ദുബായ് വീസക്കാർ ജിഡിആർഎഫ്എ സൈറ്റിലും മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഐസിഎ സൈറ്റിലും റജിസ്റ്റർ ചെയ്യണം. തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്കു പ്രവേശിക്കണമെങ്കിൽ കടുത്ത നിബന്ധനകളുണ്ട്.

ഖത്തറിൽ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിവാഹങ്ങൾ നടത്താൻ പാടില്ല. എങ്കിലും വീടുകളിലെയും മജ്‌ലിസുകളിലെയും വിവാഹച്ചടങ്ങുകൾക്കു നിയന്ത്രണങ്ങളോടെ ഇളവുണ്ട്. കളിസ്ഥലങ്ങൾ അടച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചു. 50% ശേഷിയിൽ തന്നെ ക്ലാസ്മുറി-ഓൺലൈൻ മിശ്രപഠന സംവിധാനം തുടരും.

ബഹ്റൈനിൽ കോവിഡിന്റെ രണ്ടാം വകഭേദം കണ്ടെത്തിയതിനാൽ പ്രതിരോധം ശക്തം. റസ്റ്ററന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. അധ്യയനം ഓൺലൈനാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.