1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015

സ്വന്തം ലേഖകന്‍: കുവൈത്തില്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. റിക്രൂട്ട്‌മെന്റിനായി പുതിയ കമ്പനി ഉടന്‍ രൂപീകരികരിക്കാന്‍ പാര്‍ലമെന്റ് ധനകാര്യ സമിതിയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കമ്പനി രൂപീകരണ നീക്കത്തെ നേരത്തെ എതിര്‍ത്തിരുന്ന ചില സര്‍ക്കാര്‍ വകുപ്പുകള്‍ നിലപാട് മാറ്റിയതാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത് .

നിലവിലുള്ള സംവിധാനങ്ങള്‍ ഒഴിവാക്കി റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ഷെയര്‍ ഹോള്‍ഡിങ് കമ്പനി വഴി ആക്കണം എന്നായിരുന്നു ചര്‍ച്ചയിലെ പ്രധാന നിര്‍ദേശം. എന്നാല്‍ ഇതിനു മാത്രമായി കമ്പനി രൂപവത്ക്കരിക്കുന്നതിനോട് ചില സ്ഥാപനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തീരുമാനം നീളുകയായിരുന്നു.

തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കോഓപ്പറേറ്റീവ് സൊസൈറ്റി യൂനിയന്‍, പെന്‍ഷന്‍ ഏജന്‍സി എന്നിവ കമ്പനി രൂപവത്ക്കരണത്തില്‍ സഹകരിക്കാമെന്ന് ഈയിടെ ഉറപ്പു നല്‍കിയിരുന്നു. ഇതോടൊപ്പം ആഭ്യന്തര, തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങളും അനുകൂല സമീപനം അറിയിച്ചിട്ടുണ്ട്.

ഓഹരി വിഭജനം സംബന്ധിച്ച് കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും പബ്‌ളിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റിയും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കുക കൂടി ചെയ്തതോടെ താമസിയാതെ കമ്പനി യാഥാര്‍ഥ്യമാകുമെന്നാണ് സൂചന.

അടുത്ത പാര്‍ലമെന്റ് സെഷനില്‍ വിഷയം വോട്ടിനിടാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ധനകാര്യസമിതി സെക്രട്ടറി മുഹമ്മദ് അല്‍ ജാബ്രി എം.പി പറഞ്ഞു. നിലവില്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി ഏജന്‍സി ഉടമകള്‍ക്ക് പുതിയ കമ്പനിയില്‍ ഓഹരി പങ്കാളിത്തം നല്‍കില്ല.

ലാഭേച്ഛ കൂടാതെയാകും പുതിയ കമ്പനിയുടെ പ്രവര്‍ത്തനം. വിദേശങ്ങളില്‍നിന്നു ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവു വര്‍ധിക്കുകയും ഈ രംഗത്തു ചൂഷണങ്ങള്‍ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് കമ്പനി രൂപീകരണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.