1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2021

സ്വന്തം ലേഖകൻ: അക്കൗണ്ടിൽ മതിയായ തുകയില്ലാതെ ചെക്കുകൾ മടങ്ങുന്ന (ബൗൺസ്ഡ് ചെക്ക്) കേസുകളെ ക്രിമിനൽ കുറ്റ പരിധിയിൽ നിന്നു ദുബായ് കോടതികൾ ഒഴിവാക്കി തുടങ്ങി. പുതിയ നിയമഭേദഗതി യുഎഇയിൽ ജനുവരി 2 നാണു പ്രാബല്യത്തിൽ വരുന്നതെങ്കിലും ദുബായിൽ പല കേസുകളിലും ഇളവ് നൽകിത്തുടങ്ങിയതായി നിയമവൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചെക്ക് നൽകിയ ശേഷം അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കുകയോ ബോധപൂർവം തിരിമറികൾ നടത്തുകയോ ചെയ്താൽ ക്രിമിനൽ കുറ്റം ചുമത്തും.

ചെക്ക് കേസുകൾ കോടതിക്കു വെളിയിൽ തീർപ്പാക്കാനും കേസുകളുടെ ബാഹുല്യം ഒഴിവാകാനും പുതിയ ഭേദഗതി സഹായകമാകും. ചെറിയ കേസുകൾ പോലും കോടതിയിലെത്തുന്ന സാഹചര്യമാണ് നേരത്തേ ഉണ്ടായിരുന്നത്. ഈ വർഷം, കോടതിയിൽ പോകാതെ തീർപ്പാക്കിയവയിൽ 83 ശതമാനവും ചെക്ക് കേസുകളാണെന്നു ദുബായ് അറ്റോർണി ജനറൽ ഈസാം അൽ ഹുമൈദാൻ വ്യക്തമാക്കി. കഴിഞ്ഞവർഷം 16,289 കേസുകൾ കോടതിക്കു പുറത്ത് തീർപ്പായി. ബാങ്കിങ് നടപടിക്രമങ്ങൾക്കു കൂടുതൽ സുതാര്യതയും വേഗവും ഉറപ്പുവരുത്താനാകുമെന്നും ചൂണ്ടിക്കാട്ടി.

ബാങ്കിൽ നൽകുന്ന ചെക്കിലെ തുകയ്ക്കു തുല്യമായ പണം അക്കൗണ്ടിൽ ഇല്ലെങ്കിൽ, ഉള്ളതു നൽകാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നതായി അൽകബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. ബാക്കി തുക എത്രയെന്ന് ബാങ്ക് അധികൃതർ ചെക്കിൽ രേഖപ്പെടുത്തും. ഈ തുക കിട്ടിയില്ലെങ്കിൽ സിവിൽ കോടതിയെ സമീപിക്കാം. പണം നൽകിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക, ആസ്തി ജപ്തി ചെയ്യുക, ഇതിനു കഴിയാതെ വന്നാൽ ജയിൽശിക്ഷ എന്നിവയാണ് നടപടികളെന്നും വ്യക്തമാക്കി.

നേരത്തേ, ചെക്കിലെ തുകയ്ക്ക് തുല്യമായ പണം അക്കൗണ്ടിൽ ഇല്ലാതെ ബൗൺസ് ആയാൽ ക്രിമിനൽ കേസ് ഫയൽ ചെയ്യാമായിരുന്നു. ചെക്ക് മടങ്ങിയാൽ വിശദവിവരങ്ങൾ അതത് ബാങ്കുകൾ സെൻട്രൽ ബാങ്കിനെ യഥാസമയം അറിയിക്കണമെന്നാണ് വ്യവസ്ഥ. തുടർച്ചയായി ചെക്ക് മടങ്ങിയാൽ ആ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചെക്ക് ബുക്ക് നൽകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.