
സ്വന്തം ലേഖകൻ: തീപിടിത്തം തടയാനുള്ള ‘ഹസൻതുക്’ സ്മാർട് പ്രതിരോധ സംവിധാനമൊരുക്കാൻ കെട്ടിട ഉടമകൾക്കു സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാകില്ല. അർഹരായ എല്ലാവർക്കും സേവനം സൗജന്യമായി ലഭിക്കും. മനുഷ്യജീവനും സ്വത്തുവകകളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടു രാജ്യത്തു നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നു സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
താമസ കേന്ദ്രങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം സംരക്ഷണം ലഭിക്കും. ഇതിനു റജിസ്റ്റർ ചെയ്യണം. ഫോൺ: 800-22220. നിലവിൽ 9,500ൽ ഏറെ വില്ലകൾക്കു സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും ഈ സ്മാർട് ശൃംഖലയിലെ കണ്ണികളാണ്. യുഎഇ വിഷൻ 2021ന്റെ ഭാഗമായി എല്ലാ താമസ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണു ലക്ഷ്യം. രാജ്യത്തെ എല്ലാ താമസകേന്ദ്രങ്ങളിലും നിർബന്ധമായും ഇതു സജ്ജമാക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിട്ടുണ്ട്.
2019 മുതലുള്ള കണക്കനുസരിച്ച് 70ൽ ഏറെ തീപിടിത്തങ്ങൾ ഒഴിവാക്കാൻ ‘ഹസൻതുക്കിന്’ കഴിഞ്ഞു. പദ്ധതി 7 എമിറേറ്റുകളിലും നടപ്പാക്കിവരികയാണ്. ആദ്യഘട്ടം വില്ലകളിലാണു പൂർത്തിയാക്കുക. സാധാരണക്കാരായ പ്രവാസികൾക്കും ഇതിന്റെ നേട്ടം ലഭിക്കും. നിലവിലെ സാഹചര്യത്തിൽ വ്യക്തികൾക്കൊ സ്ഥാപനങ്ങൾക്കോ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായം ലഭ്യമാക്കുമെന്നു മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നാസ്സർ ഇസ്മായിൽ പറഞ്ഞു.
കെട്ടിടങ്ങളിൽ ആൾ താമസം ഇല്ലെങ്കിലും 24 മണിക്കൂറും സംരക്ഷണം ലഭിക്കും. വൻ ദുരന്തത്തിന് ഇടയാക്കുമായിരുന്ന നൂറിലേറെ തീപിടിത്തങ്ങൾ തടയാൻ ഈ സംവിധാനത്തിനായി. അവധിക്കു നാട്ടിൽ പോകുന്നവർക്കും മറ്റും സഹായകമാണ്. വേനൽക്കാലത്ത് വ്യാപകമായിരുന്ന തീപിടിത്തം കുറയ്ക്കാൻ കഴിഞ്ഞു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു താമസക്കാരും ഉറപ്പുവരുത്തണം. കൃത്യമായ ഇടവേളകളിൽ അഗ്നിസുരക്ഷാ ഉപകരണങ്ങളുടെ പരിശോധന നടത്തണം. പ്ലഗ് പോയിന്റുകൾ, വയറിങ്ങുകൾ, വൈദ്യുതോപകരണങ്ങൾ എന്നിവ യഥാസമയം അറ്റകുറ്റപ്പണി നടത്തണം. എസിയും മറ്റും കൂടുതൽ സമയം പ്രവർത്തിപ്പിക്കുന്നതും അപകടസാധ്യത കൂട്ടുന്നു.
കെട്ടിടങ്ങളിൽ തീപിടിത്തം തടയാൻ സ്മോക് ഡിറ്റക്ടറുകൾ ആവശ്യമാണ്. തീപിടിക്കാൻ സാധ്യതയുള്ള പാനലുകളും മറ്റും ഒഴിവാക്കുക. കൃത്യ ഇടവേളകളിൽ അഗ്നിസുരക്ഷാ ഉപകരണങ്ങളുടെ പരിശോധന നടത്തണം. പഴയത് മാറ്റുകയും അറ്റകുറ്റപ്പണി നടത്തുകയും വേണം. കെട്ടിടങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ താമസിക്കുക, അനധികൃത വയറിങ്, കാലഹരണപ്പെട്ട അഗ്നിപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല