1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2020

സ്വന്തം ലേഖകൻ: ദുബായിലെ റെസിഡന്റ് വീസക്കാർക്ക് ഇന്ന് മുതൽ ദുബായ് വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബായ് എമിറേറ്റ് സ്വീകരിച്ച് തുടങ്ങും.

എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക എന്നതിനാൽ മലയാളികളടക്കം ഇന്ത്യക്കാർക്ക് ദുബായിലെത്താൻ ഇനിയും കാത്തിരിക്കണം.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചില നിബന്ധനകൾക്ക് വിധേയയാകും വിനോദസഞ്ചാരികളെ ദുബായ് വരവേൽക്കുക. ദുബായിലെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വിമാനത്താവളത്തിലെ പരിശോധനയ്ക്ക് വിധേയരാവുകയോ വേണം.

14 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്നും ദുരന്തനിവാരണ ഉന്നതാധികാര സമിതി വ്യക്തമാക്കി. ഈ മാസം 23 മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും ദുബായ് വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്യാമെന്നും സമിതി നിർദേശിച്ചു.

യുഎഇയിലെ സ്കൂളുകൾ, യൂനിവേഴ്സറ്റികൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സെപ്തംബർ മുതൽ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് ഇതിനായി നിയോഗിച്ച സമിതി അറിയിച്ചു. കൊവിഡ് സാഹചര്യം പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഷാർജയിലെ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ അമ്പത് ശതമാനം ജീവനക്കാർ എത്തി സജീവമായി. ഇതുവരെ 30 ശതമാനം ജോലിക്കാരാണ് ഷാർജയിലെ സർക്കാർ ഓഫിസുകളിൽ എത്തിയിരുന്നത്.

ദുബായിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.

നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ GDRFA യുടെ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.ഡയറക്ടേറ്റ് നൽകുന്ന അനുമതി പ്രകാരമാണ് യാത്ര ചെയ്യേണ്ടത്.

തിരിച്ചുവരുന്നവർ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ പരിശോധനക്കും ചികിൽസക്കുമുള്ള ചെലവുകൾ വഹിക്കാമെന്ന് ഡിക്ലറേഷൻ നൽകണം.

ഇവർക്ക് ദുബായ് വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ്റ് നടത്തും.

പോസറ്റീവായാൽ ഇവർ 14 ദിവസം കൊറന്റയിനിൽ ഇരിക്കണം. സ്വന്തമായി താമസ സ്ഥലമുള്ളവർക്ക് ഹോം ക്വറന്റയിന് സൗകര്യമുണ്ടാകും. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് മറ്റുള്ളവരുണ്ട്, കൂടുതൽ പേർ തിങ്ങി താമസിക്കുന്ന സ്ഥലമാണ് എന്നുണ്ടെങ്കിൽ അവർ ഇൻസ്റ്റിറ്റ്യൂഷൻ കോറന്റയിനിൽ ഐസൊലേഷനിൽ പോകേണ്ടി വരും.

തൊഴിലുടമക്ക് വേണമെങ്കിൽ ഇവർക്ക് ഐസൊലേഷൻ സംവിധാനം ഒരുക്കാം. ആശുപത്രികളിലെയും കൊവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമയാണ്.

തിരിച്ചെത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് തന്നെ covid 19 DXB എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.