1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2021

സ്വന്തം ലേഖകൻ: ബാങ്ക് പ്രതിനിധികളായി ചമഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയ രണ്ടുപേര്‍ പ്രവാസി യുവതിയില്‍ നിന്ന് 1,60,000 ദിര്‍ഹം (32 ലക്ഷത്തിലേറെ രൂപ) തട്ടിയെടുത്തു. യുവതി അറിയാതെ അവരുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയത്. യുവതിയെ ഫോണില്‍ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.

യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണ് വിളിക്കുന്നതെന്നു പറഞ്ഞായിരുന്നു ഇത്. തട്ടിപ്പില്‍ വീണു പോയ യുവതി തന്റെ അക്കൗണ്ട് വിവരങ്ങളെല്ലാം തട്ടിപ്പു സംഘത്തിന് കൈമാറി. ബാങ്കില്‍ നിന്നുള്ള ഒടിപി നമ്പറുംയുവതി സംഘത്തിന് പറഞ്ഞുകൊടുക്കുകയായിരുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ചേര്‍ന്ന് യുവതിയുടെ പേരില്‍ 1,60,000 ദിര്‍ഹത്തിന്റെ ലോണിന് അപേക്ഷിക്കുകയായിരുന്നുവെന്ന് സീനിയര്‍ പ്രോസിക്യൂട്ടര്‍ മക്തൂം ഉബൈദ് അല്‍ ശംസി പറഞ്ഞു. ലോണ്‍ പാസായ ഉടനെ തട്ടിപ്പുകാര്‍ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

തട്ടിപ്പിനിരയായ കാര്യം തിരിച്ചറിഞ്ഞ യുവതി സംഭവത്തെ കുറിച്ച് ദുബായ് പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം തട്ടിപ്പു നടത്തിയ രണ്ടുപേരെ താമസിയാതെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ പേരില്‍ ചാര്‍ത്തിയിട്ടുള്ളത്. ഫോണില്‍ വിളിച്ച് ബാങ്ക് വിവരങ്ങളും ഒടിപിയും ചോദിക്കുന്നവര്‍ക്ക് ഒരു കാരണവശാലും അവ കൈമാറരുതെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ബാങ്ക് അധികൃതര്‍ ഫോണ്‍ വഴി ആ വിവരങ്ങള്‍ ഒരിക്കലും ആരായില്ലെന്നും പോലിസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.