1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2017

സ്വന്തം ലേഖകന്‍: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ 215 നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ അഹമ്മദിനെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെ അഹമ്മദിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പുലര്‍ച്ചെ രണ്ടേകാലോടെ മരണം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇ. അഹമ്മദിന്റെ മക്കളാണ് മരണവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. മൃതദേഹം രാവിലെ എട്ടു മുതല്‍ 12 വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കേരളത്തിലേക്ക് എത്തിക്കുകയും കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വെയ്ക്കുകയും ചെയ്യും. ജന്‍മദേശമായ കണ്ണൂരിലാണ് ഖബറടക്കം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ. അഹമ്മദ് എം.പി.യെ കാണാനെത്തിയ മക്കളെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ആശുപത്രി അധികൃതര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹി ആര്‍.എം.എല്‍. ആശുപത്രിയുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവും നടന്നു. അഹമ്മദിന്റെ മക്കള്‍ പോലീസില്‍ പരാതിപ്പെടുകയും പോലീസ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് മരണ വിവരം പുറത്തുവിട്ടത്.

എട്ടിക്കണ്ടി മുഹമ്മദ് എന്ന ഇ. അഹമ്മദ് 1938 ഏപ്രില്‍ 29ന് കണ്ണൂര്‍ ജില്ലയിലാണ് ജനിച്ചത്. നിലവില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ അഖിലേന്ത്യ അധ്യക്ഷനാണ്. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഇ. അഹമ്മദ് തിരുവനന്തപുരം ഗവണ്‍മെന്റ ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

1967 ലാണ് ഇ. അഹമ്മദ് ആദ്യമായി നിയമസഭാംഗമാകുന്നത്. തുടര്‍ന്ന് 1977, 1980, 1982, 1987 വര്‍ഷങ്ങളിലും അദ്ദേഹം നിയമസഭയില്‍ എത്തി. 198287 കാലഘട്ടത്തില്‍ കേരളത്തില്‍ വ്യവസായ മന്ത്രിയായിരുന്നു. 1991ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് വിജയിച്ച ഇ. അഹമ്മദ് 1996, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളിലും ലോക്‌സഭയില്‍ എത്തി. പതിനാല്, പതിനഞ്ച് ലോക്‌സഭകളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ സുഹ്‌റ അഹമ്മദാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.