
സ്വന്തം ലേഖകൻ: കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാകും മുന്നോട്ട് പോവുകയെന്നും മതനേതാക്കൾ വ്യക്തമാക്കി.
ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഇൗ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.
പെരുന്നാൾ പ്രമാനിച്ച് യുഎഇയില്‍ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെ) അവധി ആയിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല