1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2019

സ്വന്തം ലേഖകന്‍: ‘ബി.ജെ.പി തെലങ്കാന അധ്യക്ഷന്റെ ഫാം ഹൗസില്‍ 11 പേര്‍ കൊല്ലപ്പെട്ടു,’ ദേശീയ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ‘ഷുജയുടെ വെളിപ്പെടുത്തലുകള്‍,’ ഇവിഎം തിരിമറി നടന്നിട്ടില്ലെന്ന് ഐടി വിദഗ്ദ്ധര്‍; യുഎസ് ഹാക്കറിനെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്നും അങ്ങനെയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ പിടിച്ചുലച്ചിരിക്കുകയാണ് സയീദ് ഷുജ എന്ന ‘സൈബര്‍ വിദഗ്ദ്ധന്‍’.

ഹൈദരാബാദില്‍നിന്നുള്ള ഷുജ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെന്നാണു സ്വയം അവകാശപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ ലണ്ടനില്‍ നടത്തിയ പരിപാടിയില്‍ എങ്ങനെയാണു യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നതെന്ന് ഷുജ ലൈവ് വീഡിയോയില്‍ കാണിച്ചില്ല. ഇതാണു സംശയങ്ങള്‍ക്കു വഴി തുറന്നത്.

വോട്ടിങ് യന്ത്രം നിര്‍മിച്ച എന്‍ജിനീയറിങ് സംഘത്തില്‍ താനുമുണ്ടായിരുന്നെന്നാണു ഷുജയുടെ അവകാശവാദം. എന്നാല്‍ ഷുജയുടെ ആരോപണങ്ങളെല്ലാം ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തില്‍ ഇതേ പേരുള്ള ഒരു ജീവനക്കാരന്‍ ജോലി ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. അതേ സമയം വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാന്‍ സ്ഥാപനം ഇതുവരെ തയാറായിട്ടില്ല.

ഇതിനിടെ യുഎസ് ഹാക്കറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പെലീസില്‍ പരാതി നല്‍കി. ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്നു തിര. കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഹാക്കത്തോണില്‍ പങ്കെടുത്തത് സംഘാടകര്‍ ക്ഷണിച്ചിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രതിനിധിയായിട്ടല്ല, സ്വന്തം നിലയ്ക്കാണ് പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്നാണു ഷുജ ആരോപിച്ചത്. വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ സംബന്ധിച്ചു പരാതികള്‍ ഉന്നയിക്കുന്നവര്‍ തന്നെ ഷുജയുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഷൂജയുടെ അവകാശ വാദങ്ങളില്‍ സാങ്കേതിക പരിശോധന തന്നെ നടത്തിയതായി ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയും ഹൈദരാബാദിലെ ഐടി വിദഗ്ധനുമായ കിരണ്‍ ചന്ദ്ര വ്യക്തമാക്കി.

വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ 2004 മുതല്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് കിരണ്‍. തിരിമറി നടത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കുറിപ്പ് പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സൈബല്‍ വിദഗ്ധന്‍’ എന്നാണ് സയീദ് ഷുജ സ്വയം അവകാശപ്പെടുന്നത്. മുഖം മറച്ചാണ് ഇയാള്‍ ലണ്ടനിലെ വീഡിയോ കോണ്‍ഫറന്‍സില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഷുജ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ഇവയാണ്:

തിരഞ്ഞെടുപ്പുകമ്മിഷനുവേണ്ടി വോട്ടിങ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (ഇ.സി.ഐ.എല്‍.) 20092014 കാലത്ത് പ്രവര്‍ത്തിക്കവെയാണ് താനുള്‍പ്പെട്ട സംഘം ഇ.വി.എമ്മില്‍ ക്രമക്കേടുനടത്താന്‍ പ്രോഗ്രാമുണ്ടാക്കിയത്. 2013 ജൂണില്‍ ഇ.സി.ഐ.എല്‍. ആവശ്യപ്പെട്ടപ്രകാരമായിരുന്നു ഇത്. സംഘവുമായി മുണ്ടെ ചര്‍ച്ചനടത്തി. ക്രമക്കേട് നടക്കുന്നുണ്ടെന്ന് 2014 ഏപ്രില്‍ 30ന് ബോധ്യപ്പെട്ടതോടെ, വിവരം പുറത്തുവിടുമെന്ന് ബി.ജെ.പി. നേതാക്കളെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കാന്‍ ആലോചിച്ചു.

ഇതിനായി 2014 മേയ് 12ന് ഹൈദരാബാദിനടുത്തുള്ള സ്ഥലത്ത് ബി.ജെ.പി. എം.എല്‍.എ. കിഷന്‍ റെഡ്ഡിയെ കാണാന്‍ പോയ സംഘാംഗങ്ങളെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ വെടിവെച്ചു. താനൊഴികെ എല്ലാവരും കൊല്ലപ്പെട്ടു. ഇതോടെ താന്‍ യു.എസില്‍ രാഷ്ട്രീയാഭയം തേടി.

പാര്‍ട്ടിയില്‍നിന്ന് വേണ്ട പരിഗണന ലഭിക്കാതായതോടെ, ഇ.വി.എമ്മിലെ കൃത്രിമം പരസ്യമാക്കുമെന്ന് മുണ്ടെ ഭീഷണിമുഴക്കി. ഇതാണ് അദ്ദേഹത്തിന്റെ കൊലയ്ക്കിടയാക്കിയത്. ഈ കേസ് അന്വേഷിച്ച എന്‍.ഐ.എ. ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദ് കുറ്റപത്രം നല്‍കാനിരിക്കെ ആത്മഹത്യചെയ്തു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഛത്തീസ്ഗഢ്, ഗുജറാത്ത് നിമയസഭാതിരഞ്ഞെടുപ്പുകളിലും ക്രമക്കേടുനടന്നെങ്കിലും തന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് സാങ്കേതികതടസ്സമുണ്ടാക്കി. ഡല്‍ഹിയില്‍ എ.എ.പി. ജയിച്ചതിന്റെ യഥാര്‍ഥ കാരണം ഇതാണ്. ഇതെല്ലാം വാര്‍ത്തയാക്കാനിരിക്കെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വന്‍സി സിഗ്‌നലുകള്‍ റിലയന്‍സിന്റെ ജിയോയാണ് നല്‍കിയത്.

ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയും സുഹൃത്തുക്കളും 11 പേരെ കൊലപ്പെടുത്തി. 2014 മെയ് 12ന് 11 പേര്‍ കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍വെച്ചാണ് കൊല നടന്നത്. എന്നാല്‍ ഹാക്കറുടെ ആരോപണം കിഷന്‍ റെഡ്ഡി തള്ളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.