1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2017

സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന്, സ്ഥാനാര്‍ഥി മക്രോണിനെതിരെ സൈബര്‍ ആക്രമണം, ഇമെയില്‍ ഹാക്ക് ചെയ്ത് സുപ്രധാന രേഖകള്‍ ചോര്‍ത്തി. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കേ സ്വതന്ത്ര സ്ഥാനാര്‍ഥി എമ്മാനുവേല്‍ മാക്രോണിന്റെ ഇമെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് വിവാദമായി. തനിക്കെതിരേ വന്‍ സൈബര്‍ ആക്രമണം നടന്നുവെന്നു മാക്രോണ്‍ പരാതിപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ മാക്രോണിന് 62 ശതമാനം വോട്ടുകിട്ടുമെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രവചനം. വെള്ളിയാഴ്ച പ്രചാരണ പരിപാടികള്‍ അവസാനിക്കുന്നതിനു മുന്പാണ് മാക്രോണിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഇ മെയിലുകളും അക്കൗണ്ടിംഗ് രേഖകളും കോണ്‍ട്രാക്ട് രേഖകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒന്പതു ജിഗാബൈറ്റ് ഡേറ്റായാണ് അജ്ഞാതനായ ഹാക്കര്‍ ഓണ്‍ലൈനില്‍ നല്‍കിയത്.

ആധികാരിക രേഖകളുടെ കൂട്ടത്തില്‍ വ്യാജരേഖകള്‍ കടത്തിവിട്ട് ഇലക്ഷനെ സ്വാധീനിക്കാനാണ് എതിരാളികളുടെ ശ്രമമെന്നു മാക്രോണ്‍ ആരോപിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ റഷ്യ നടത്തിയ സൈബര്‍ ആക്രമണത്തിനു സമാനമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.രേഖകള്‍ ചോര്‍ന്നതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു വിക്കിലീക്‌സ് പറഞ്ഞു. എന്നാല്‍ രേഖകളിലേക്കുള്ള ലിങ്ക് അവര്‍ ട്വിറ്ററില്‍ പങ്കുവച്ചു.

അതേസമയം ഈ രേഖകളിലെ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിര്‍ദേശിച്ചു. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. നേരത്തേ ബഹാമസില്‍ തനിക്ക് കള്ളപ്പണനിക്ഷേപമുണ്ടെന്ന എതിരാളി മരീന്‍ ലീപെന്നിന്റെ ആരോപണത്തിനെതിരെ മാക്രോണ്‍ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായും മാക്രോണിന്റെ പ്രചാരണസംഘം ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.