1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2017

സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടിയില്‍ ഭീകരവാദത്തിന്റെ വേരറുക്കുന്നതിന് 11 ഇന കര്‍മ പദ്ധതിയുമായി മോദി, വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉന്നയിച്ചു. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ ലോകശക്തികളുടെ കൂട്ടായ നീക്കം ആവശ്യപ്പെട്ട പ്രധാനമന്ത്രി പാകിസ്താനെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ഉന്നം വ്യക്തമാകിയിരുന്നു.

പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകരസംഘടനകളായ ലഷ്‌ക്കറെ തയിബയെയും ജെയ്‌ഷെ മുഹമ്മദിനെയും അല്‍ ഖയിദയോടും ഐ.എസിനോടും താരതമ്യപ്പെടുത്തിയായിരുന്നു മോദിയുടെ പ്രസംഗം. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ചില രാജ്യങ്ങള്‍ ഭീകരവാദത്തെ ഉപയോഗിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ഭീകരവാദം അടക്കം നേരിടുന്നതിന് 11 ഇന കര്‍മപദ്ധതി ജി20 ഉച്ചകോടിക്ക് മുന്നില്‍ മോദി അവതരിപ്പിച്ചു.

ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ ജി 20യുമായി സഹകരിക്കുന്നതില്‍ നിന്ന് വിലക്കണെന്നും മോദി ആവശ്യപ്പെട്ടു. പാരീസ് കാലാവസ്ഥ ഉടമ്പടി നടപ്പാക്കുന്നതിന്റെ ആവശ്യകതയും ഇതിനായി ഇന്ത്യ എടുത്ത നടപടികളും മോദി വ്യക്തമാക്കി. രാജ്യത്തു നിന്ന് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് മോദി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഡിസംബര്‍ നാലിന് വിചാരണ തുടങ്ങാനിരിക്കെയാണ് ഈ വിഷയം മോദി ഉന്നയിച്ചത്.

കേസിലെ മുഴുവന്‍ തെളിവുകളും ഇന്ത്യ കൈമാറി കഴിഞ്ഞുവെന്ന് ബ്രിട്ടനിലെ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ നാലു വരെ ഉപാധികളോടെ ജാമ്യത്തിലാണ് മല്യ. എന്നാല്‍ മോദിയുടെ ആവശ്യത്തോട് തെരേസാ മേയ് വ്യക്തമായ ഉറപ്പൊന്നും നല്‍കിയില്ലെന്നാണ് സൂചന. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിള്‍ അഭിപ്രായ ഐക്യമില്ലാതെ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടി കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.