1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2011


ജോണ്‍ വറുഗീസ്

മാഞ്ചസ്റര്‍: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്ററില്‍ നടത്തിയ ഗാന്ധിജയന്തിയാഘോഷം പ്രവാസിമലയാളികള്‍ക്ക് മാതൃകയായി. മാഞ്ചസ്ററില്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ(ഒഐസിസിയുകെ)യുടെ നേതൃത്വം നല്‍കി ആഘോഷിച്ച ഗാന്ധിജിയുടെ 142ാം ജന്മദിനാഘോഷം തികച്ചും ജനകീയവുമായി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണിവരെയാണ് പരിപാടി നടന്നത്. രജിസ്ട്രേഷനോടുകൂടി ആരംഭിച്ച പരിപാടിയില്‍ മിഠായി നല്‍കിയാണ് ഓരോവ്യക്തിയെയും അനുസ്മരണവേദിയിലേയ്ക്ക് സ്വീകരിച്ചത്.

തുടര്‍ന്നു നടന്ന സര്‍വമതപ്രാര്‍ത്ഥനയില്‍ വിവിധമതസ്ഥര്‍ പങ്കെടുത്തു നേതൃത്വം നല്‍കി. അനുസ്രണയോഗത്തില്‍ മുഖ്യാതിഥിയായ മുന്‍മന്ത്രിയും ലേബര്‍പാര്‍ട്ടി മാഞ്ചസ്റര്‍ എംപി പോള്‍ ഗോഗിന്‍സ് ഗാന്ധിചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ വിശിഷ്ടാഥിയായ കെപിസിസി അംഗവും ഡിസിസി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ അഡ്വ. എംകെ. ജിനദേവ്, എംപി ഗോഗിന്‍സ് എന്നിവര്‍ക്കൊപ്പം ഫാ.ജേക്കബ്, ഒഐസിസി യുകെയുടെ മെംബര്‍ഷിപ്പ് കാംമ്പെയിന്‍ കോര്‍ഡിനേറ്റര്‍ ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍, മുന്‍ കെഎസ് യു പ്രവര്‍ത്തകരായ ബെന്നി മാത്യു, ജോണ്‍ വര്‍ഗീസ്, സുരേഷ് തുറവൂര്‍, ഗ്ളോബല്‍ പ്രവാസി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യന്‍ എന്നിവരും ഭദ്രദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കാളികളായി. വിനോദ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എംപി പോള്‍ ഗോഗിന്‍സ് ഗാന്ധിജിയുടെ ത്യാഗമനോഭാവത്തിന്റെ പൊരുള്‍ ഉദ്ദരിച്ചുകൊണ്ട് സന്ദേശം നല്‍കി. ഗാന്ധിജിയെപ്പറ്റി താന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിയ്ക്കയാണന്ന് എംപി പറഞ്ഞത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ഫാ.ജേക്കബ് ഗാന്ധിജിയെയും ക്രൈസ്തവ മൂല്യങ്ങളെയും താരതമ്യപ്പെടുത്തി പ്രഭാഷണം നടത്തി.

ദേശീയ പതാകയും ഗാന്ധിജിയുടെ ചിത്രവും വഹിച്ചുകൊണ്ട് തെരുവീഥിയിലൂടെ ജാഥയായി നീങ്ങി.ഇന്‍ഡ്യാക്കാരുടെ ദേശഭക്തിയില്‍ ഇന്നാട്ടുകാരായ ബ്രിട്ടീഷുകാര്‍ വളരെ കൌതുകം പ്രകടിപ്പിച്ചപ്പോള്‍ പങ്കെടുത്തവര്‍ ഭാരത്മാതാ കീ, ഗാന്ധിജി കീ എന്നുള്ള മുദ്രാവാക്യം മുഴക്കിയത് രാജ്യസ്നേഹത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ജാഥ അനുസ്മരണവേദിയില്‍ തിരിച്ചെത്തി യോഗം ആരംഭിച്ചു. വിനോദ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ലക്സണ്‍ ഫ്രാന്‍സിസ് സ്വാഗതം ആശംസിച്ചു. അഡ്വ.ജിനദേവിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗവും ഗാന്ധിസത്തിന്റെ പ്രസക്തിയും ആധുനിക ലോകം അംഗീകരിച്ചു കൊണ്ടിരിയ്ക്കയാണന്ന് അടിവരയിട്ടു പറഞ്ഞു. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ജനാധിപത്യപാര്‍ട്ടികളും നേതാക്കളും ഗാന്ധിസത്തില്‍ നിന്നും വളരെ വ്യതിചലിയ്ക്കുന്നുവെന്നും അതിന് അപവാദമായി കേന്ദ്രമന്ത്രി എ.കെ. ആന്റണി മാത്രമാണ് ഇന്ന് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെതാരമെന്നും ജിനദേവ് പറഞ്ഞു.

വിവിധ സാമൂഹ്യസാംസ്കാരിക നേതാക്കളായ സാബു കുര്യന്‍ (ചെയര്‍മാന്‍, ഗ്ളോബല്‍ പ്രവാസി കൌണ്‍സില്‍), അലക്സ് വര്‍ഗീസ് (മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്) ദിലീപ് മാത്യു (മുന്‍പ്രസിഡന്റ്, റോച്ചഡേല്‍ ഇന്‍ഡ്യന്‍ മലയാളി അസോസിയേഷന്‍, യുക്മ നോര്‍ത്ത്വെസ്റ് റീജിയന്‍ മെംബര്‍), കെ.ഡി.ഷാജിമോന്‍ (പ്രസിഡന്റ്, മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍), പ്രദീപ് (ഹിന്ദു കമ്യൂണിറ്റി പ്രതിനിധി), ബിജു ജോര്‍ജ് (എംഎംസിഎ, മുന്‍ സെക്രട്ടറി), സുരേഷ് തുറവൂര്‍, ബെന്നി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെവി തോമസ്, മൂവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, അഡ്വ.മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കെ.സി രാജന്‍, ജിന്‍സണ്‍ എഫ് വര്‍ഗീസ് (കോര്‍ഡിനേറ്റര്‍, ഒഐസിസി യൂറോപ്പ്) എന്നിവര്‍ ടെലിഫോണിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്ത് ആശംസകള്‍ നല്‍കി. യുകെയിലെ ഒഐസിസി ഒരുവ്യക്തിയെയും മാറ്റി നിര്‍ത്താതെ ഒറ്റക്കെട്ടായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തണമെന്ന് അഡ്വ.മാന്നാര്‍ അബ്ദുള്‍ ലത്തീഫും കെസി രാജനും തദവസരത്തില്‍ അഭ്യര്‍ത്ഥിച്ചു.

എആര്‍ റഹ്മാന്റെ ജയ്ഹോ എന്ന ഗാനത്തിനൊത്ത് നൃത്തം ചവിട്ടി ത്രിവര്‍ണ്ണ പാറിച്ച് ആറുവയസുകാരി ലിവിയമോള്‍ ലക്സണ്‍ ഗാന്ധിജയന്തി ആഘോഷത്തിന് മാറ്റു കൂട്ടി. ബെന്നി മാത്യു നന്ദി പറഞ്ഞു. പിറന്നാള്‍ പായസം വിളമ്പി മധുരം പങ്കുവെച്ചതോടെ ജയന്തിയാഘോഷത്തിന് തിരശീലവീണു. പരിപാടി പ്രൌഢഗംഭീരമായി ജനകീയമാക്കി നടത്തിയതിന് മുഖ്യസംഘാടകനായ ലക്സണ്‍ കല്ലുമാടിയ്ക്കലിനെ പങ്കെടുത്തവര്‍ പ്രത്യേകം അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.