1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2015

സ്വന്തം ലേഖകന്‍: ഗാസയില്‍ ആക്രമണങ്ങളില്‍ പങ്കെടുത്ത നിരവധി ഇസ്രയേല്‍ സൈനികര്‍ ഗുരുതരമായ യുദ്ധകുറ്റങ്ങള്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. സൈനികരില്‍ നിന്ന് തെളിവെടുക്കുന്ന ഇസ്രയേല്‍ മനുഷ്യാവകാശ സംഘത്തിന് മുമ്പായായിരുന്നു സൈനികരുടെ കുറ്റസമ്മതം.

നിരവധി സൈനികര്‍ വിവേചന രഹിതമായി പലസ്തീനികള്‍ക്കെതിരെ നിറയൊഴിച്ചതായും യുദ്ധരീതികളില്‍ കാതലായ മാറ്റം അനിവാര്യമായിരിക്കുകയാണെന്നും മനുഷ്യാവകാശ സംഘത്തിന്റെ തലവന്‍ യൂലി നോവാക് വെളിപ്പെടുത്തി. വിവേചനരഹിതമായ വെടിവെപ്പില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

50 ദിവസം നീണ്ടുനിന്ന ഗാസാ ആക്രമണത്തില്‍ പങ്കെടുത്ത നിരവധി സൈനികരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കുറ്റം ചെയ്ത സൈനികരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊഴി മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സൈനികരുടെ കുറ്റസമ്മതങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് പുറത്തു വിടുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിനിടെ എങ്ങനെ പെരുമാറണമെന്ന നിയമങ്ങളുടെ കാര്യത്തില്‍ ഇസ്രായേല്‍ വളരെ അയവ് വരുത്തിയെന്നും ഇത് വന്‍തോതില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

ഗാസക്കുള്ളില്‍ ഉള്ളതെല്ലാം ഭീഷണിയാണ്. ഈ പ്രദേശം ജനവാസം ഇല്ലാത്തതാക്കി മാറ്റണം. ആരെങ്കിലും വെള്ള പതാക വീശിക്കാട്ടുന്നില്ലെങ്കില്‍ പിന്നെ വെടിയുതിര്‍ക്കും. മറ്റൊന്നും നോക്കില്ല. എന്നിങ്ങനെ പോകുന്നു ഒരു സൈനികന്റെ വെളിപ്പെടുത്തല്‍.

നേരത്തെ ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രയേല്‍ നിരവധി സൈനികര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് ഇസ്രായേല്‍ സര്‍ക്കാര്‍ നിഷേധിച്ചു. മതിയായ തെളിവ് ഈ സംഭവങ്ങള്‍ക്കില്ലെന്നും അതിനാല്‍ അന്വേഷിക്കാന്‍ കഴിയില്ലെന്നുമാണ് അധികൃതരുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.