1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2017

 

സ്വന്തം ലേഖകന്‍: ജര്‍മന്‍ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് നിരോധിച്ചു, നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പടിഞ്ഞാറന്‍ ജര്‍മനിയിലെ വുപ്പെര്‍ടെലിലെ സ്‌കൂളിലാണ് പരസ്യമായുള്ള പ്രാര്‍ഥന നിരോധിച്ചത്. പരസ്യമായി സ്‌കൂളില്‍ പ്രാര്‍ഥിക്കുന്ന വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിക്കണമെന്നു അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കി. സ്‌കൂളിന്റെ ഈ തീരുമാനം പുറത്തായതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമാകുകയാണെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അടുത്തിടെയായി മുസ്ലിം വിദ്യാര്‍ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് വര്‍ധിച്ചു വരികയാണെന്നും അതിനാല്‍ എല്ലാവരും കാണുന്ന വിധത്തിലുള്ള അവരുടെ പ്രാര്‍ഥനകള്‍ അനുവദിക്കില്ലെന്നും സ്‌കൂള്‍ പ്രതിനിധി ജോഹന്‍സ് റോ പറഞ്ഞു. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നയങ്ങളുടെ ഭാഗമായി രാജ്യത്ത് അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായുള്ള കണക്കുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഈ അഭയാര്‍ഥികളില്‍ ഏറിയപങ്കും മുസ്ലിങ്ങളായതിനാല്‍ നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനം മുസ്ലിങ്ങള്‍ ആയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തില്‍ മറ്റു വിദ്യാര്‍ഥികളില്‍ പ്രകോപനം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുയിടങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് വിലക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ രാജ്യത്ത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണ് നടപടിയെന്ന വാദവുമായി സമൂഹ മാധ്യമങ്ങളിലും മറ്റും പ്രതിഷേധക്കാര്‍ രംഗത്തെത്തി. എന്നാല്‍ പ്രകോപനപരമായ രീതിയില്‍ പ്രാര്‍ഥിക്കുന്നത് തടയാന്‍ നിയമത്തില്‍ വകുപ്പുണ്ടെന്നാണ് സ്‌കൂളിന്റെ വിശദീകരണം.

സ്‌കൂളിനെ പിന്തുണച്ച് പ്രാദേശിക സര്‍ക്കാറും രംഗത്തത്തെിയിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥികളുടെ പ്രാര്‍ഥന തങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരാതികള്‍ ലഭിച്ചതായി പ്രാദേശിക ഭരണകൂടത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, പ്രകോപനമെന്താണെന്ന് ഇവര്‍ വ്യക്തമാക്കിയില്ല. പ്രാര്‍ഥനക്കുമുമ്പ് അംഗശുദ്ധി വരുത്താന്‍ ബാത്‌റൂം ഉപയോഗിക്കുന്നതും പ്രാര്‍ഥനയിലെ വ്യത്യസ്ത ആംഗ്യങ്ങളും മറ്റുള്ളവര്‍ കണ്ടുകൊണ്ട് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടുവെന്നാണ് ഇവരുടെ വിഷദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.