
സ്വന്തം ലേഖകൻ: ശീതകാലം കഴിയുന്നതു വരെ ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന. ക്രിസ്മസ്–പുതുവര്‍ഷ സീസണ്‍ കണക്കിലെടുത്ത് ഡിസംബര്‍ 16 മുതല്‍ ജനുവരി 10 വരെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും തുടരാന്‍ ആലോചിക്കുന്നത്.
ശ്വാസകോശ രോഗങ്ങളും മറ്റും ഉള്ളവര്‍ക്ക് പൊതുവേ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കഷ്ടതകളുടേതാണ്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി വരെയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് വിലയിരുത്തല്‍. കടകള്‍ക്കും മറ്റുമുള്ള നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സ്കൂളുകളും കിന്‍ഡര്‍ ഗാര്‍ട്ടനുകളും മുന്‍ നിശ്ചയപ്രകാരം തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് സൂചന.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചത്തേക്ക് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചതായി പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സ്വയം നിരീക്ഷണത്തില്‍ പോയാലും ജോലിയില്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് 19 രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ച ആദ്യമാണ് ഫ്രാന്‍സ് ഇളവ് വരുത്തിയത്. എന്നാല്‍ വൈറസ് വ്യാപനം ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.
ഇപ്പോഴും ഫ്രാന്‍സില്‍ രാത്രി എട്ടുമണിമുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്. റെസ്റ്റോറന്റുകളും കഫേകളും തിയേറ്ററുകളും ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. കൊവിഡ് ബാധിച്ച് 59,300 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ബുധനാഴ്ച മാത്രം 17,000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല