1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2018

സ്വന്തം ലേഖകന്‍: ഹജ് സബ്‌സിഡി അവസാനിപ്പിച്ച് കേന്ദ്രം; മാറ്റി വക്കുന്ന തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കും. ചില ഏജന്‍സികള്‍ക്കു മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജിനു പോകാന്‍ സൗകര്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ് സബ്‌സിഡി, ഹജ് സേവന പുനരവലോകന സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്‌സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വര്‍ഷം 450 കോടി രൂപയോളമാണു ഹജ് സബ്‌സിഡിക്കായി നീക്കിവച്ചിരുന്നത്.

സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. 2022ന് അകം നിര്‍ത്താനായിരുന്നു നിര്‍ദേശം. അതേസമയം, 1.70 ലക്ഷം തീര്‍ഥാടകരെ തീരുമാനം ബാധിക്കും. കേരളത്തില്‍നിന്ന് പ്രതിവര്‍ഷം 10,981 പേരാണ് ഹജിനു പോയിരുന്നത്. ഹജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്കു നല്‍കുന്ന സബ്‌സിഡിയാണ് ഹജ് സബ്‌സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്.

2022ഓടെ ഹജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തണമെന്നും ആ തുക പാവപ്പെട്ട മുസ്‌ലിംകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നും 2012ല്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നുള്ള വിമാനക്കൂലിക്കാണ് സബ്‌സിഡി ലഭിക്കുന്നത്. കപ്പല്‍യാത്രയെക്കാള്‍ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ 1974 ല്‍ ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.