1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2018

സ്വന്തം ലേഖകന്‍: പരസ്യ വോട്ട്: പാക് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ മാപ്പപേക്ഷയുമായി ഇമ്രാന്‍ ഖാന്‍. പരസ്യമായി വോട്ട് രേഖപ്പെടുത്തി വോട്ടിങ് സമ്പ്രദായത്തിന്റെ രഹസ്യസ്വഭാവം ലംഘിക്കാനിടയായതില്‍ പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തിരഞ്ഞെടുപ്പു കമ്മിഷനു രേഖാമൂലം മാപ്പപേക്ഷ നല്‍കി. ചട്ടലംഘനത്തിന്റെ പേരില്‍ ഇമ്രാന്‍ഖാനു തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ നോട്ടിസ് ഇതിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന.

അടുത്തയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ട ഇമ്രാന്‍ഖാന്‍ നല്‍കിയ മാപ്പപേക്ഷ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തത്വത്തില്‍ തീരുമാനിച്ചു. കമ്മിഷന്‍ അംഗങ്ങളില്‍ മൂന്നുപേര്‍ ഇമ്രാന്‍ഖാന് അനുകൂലമായ നിലപാടെടുത്തപ്പോള്‍ ഒരാള്‍ എതിര്‍ത്തു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ റിട്ട. ജസ്റ്റിസ് സര്‍ദാര്‍ മുഹമ്മദ് റാസയാണ് എതിര്‍ത്തതെന്നു ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. മല്‍സരിച്ച അഞ്ചു മണ്ഡലങ്ങളിലും വിജയിച്ചെങ്കിലും ഇമ്രാനു പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലിക അനുമതിയാണു നല്‍കിയത്.

തിരഞ്ഞെടുപ്പുചട്ടം അനുസരിച്ച് വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്ന ആള്‍ക്ക് ആയിരം രൂപ പിഴയോ ആറുമാസം തടവോ നല്‍കണം. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാപ്പപേക്ഷ സ്വീകരിച്ച് പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണു സാധ്യതയെന്നും പത്രം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു ദിവസം ഇസ്‌ലാമാബാദ് മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ ഇമ്രാന്‍ഖാന്‍ മറയ്ക്കു പിന്നിലേക്കു പോകാതെ പരസ്യമായി ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയ സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഇമ്രാന്‍ഖാന്റെ വിജയപ്രഖ്യാപനം തടഞ്ഞിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.