
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. എന്നാല്‍, ഇറ്റലിയില്‍ എത്തിയാല്‍ അവര്‍ ക്വാറന്റീനില്‍ പോകേണ്ടിവരുമെന്നും റോബര്‍ട്ടോ സ്പെറന്‍സ പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊറോണ വൈറസിൻ്റെ ഇരട്ടവ്യതിയാനം ചൂണ്ടിക്കാട്ടി ജര്‍മനിയും ഇന്ത്യയില്‍ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച രാത്രി മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ജർമന്‍കാര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഉദാഹരണത്തിന്, ജർമനിയില്‍ സ്ഥിരമായി താമസിക്കുന്ന ജർമന്‍കാര്‍ക്കും വിദേശികള്‍ക്കും പ്രവേശിക്കാം. എന്നിരുന്നാലും, അവരും രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഒരു നെഗറ്റീവ് കൊറോണ പരിശോധന കാണിക്കുകയും എത്തിച്ചേര്‍ന്നതിനു ശേഷം ക്വാറന്റീനിൽ കഴിയുകയും വേണം.
രാജ്യത്ത് തുടരുന്ന പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തിന് അപകടം ഉണ്ടാകാതിരിക്കാന്‍, ഇന്ത്യയിലേക്കുള്ള യാത്ര ഗണ്യമായി പരിമിതപ്പെടുത്തണമെന്നും ഫെഡറല്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ ശനിയാഴ്ച മാധ്യമങ്ങളെ അറിയിച്ചു. വെള്ളിയാഴ്ച ഇന്ത്യയെ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി തരംതിരിച്ചെങ്കിലും ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഇടപെട്ട് ജാഗ്രത പാലിക്കണമെന്നു മാത്രമാണു പറഞ്ഞത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും പാകിസ്താനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറാൻ. രണ്ടു രാജ്യങ്ങളിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാൻ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചതായി ഐ.ആർ.എൻ.എ ന്യൂസ് ഏജൻസി റിപ്പോർട്ട് െചയ്തു.ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഇന്ത്യ- ഇറാൻ വ്യോമപാതയിൽ പതിവായി വിമാന സർവിസുകളില്ല. എന്നാൽ ഇടക്ക് മാത്രം വിമാന സർവിസുകൾ നടത്താറുണ്ടെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗൈനസേഷൻ വക്താവ് മുഹമ്മദ് ഹസ്സർ സിബാക്ഷ് അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാനാവശ്യമായ എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ യുഎസ് സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. ഇതിനായി ഇന്ത്യയിലെ ഭരണാധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ അതിതീവ്രമായ രണ്ടാം തരംഗം കാരണം ഇന്ത്യന്‍ സമൂഹം നേരിടുന്ന ദുരിതത്തില്‍ യുഎസ് പങ്കുചേരുന്നതായും ഇന്ത്യന്‍ അധികൃതര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ ജനതയ്ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആവശ്യമായ എല്ലാ വിധസഹായവും എത്രയും പെട്ടെന്ന് എത്തിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്കാവശ്യമായ അവശ്യസാധനങ്ങൾ എത്തിക്കാന്‍ യുഎസ് അഹോരാത്രം പ്രവര്‍ത്തിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല