1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2021

സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഷെഡ്യൂള്‍ഡ് രാജ്യാന്തര യാത്രാ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി ‘എയര്‍ ബബിള്‍’ ക്രമീകരണത്തിലും രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്നുണ്ട്.

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറുണ്ടാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, ഇവയ്ക്കിടയില്‍ അവരുടെ എയര്‍ലൈനുകള്‍ ഉപയോഗിച്ച് പ്രത്യേക രാജ്യാന്തര സര്‍വിസുകള്‍ നടത്താന്‍ കഴിയും.

രാജ്യാന്തര ചരക്കു സര്‍വിസുകളെയും പ്രത്യേകമായി അംഗീകരിച്ച ഫ്‌ളൈറ്റുകളുടെയും പ്രവര്‍ത്തനത്തെ പുതിയ തീരുമാനം ബാധിക്കില്ലെന്നും ഡിജിസിഎ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ പുനരാരംഭിക്കില്ലെന്ന് എമിറാത്തി വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ഇന്നലെ അറിയിച്ചിരുന്നു.

അതേസമയം, ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനരാരംഭിക്കും എന്നായിരുന്നു മറ്റൊരു യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തിങ്കളാഴ്ച അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 15ന് പിന്‍വലിക്കുമെന്ന് മാലി ദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.