1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2021

സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് രണ്ടാഴ്ചകൂടി നീളുമെന്ന് റിപ്പോര്‍ട്ട്. അറബി ദനപ്പത്രമായ അല്‍ റായ് ആണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ നിലവില്‍ ഒരു ദിവസം എത്തിച്ചേരാവുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന അപേക്ഷയില്‍ തീരുമാനം വൈകുന്നതാണ് കാരണം.

നിലവില്‍ ഒരു ദിവസം 7500 വിദേശ യാത്രക്കാര്‍ക്കു മാത്രമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉള്ളൂ. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കു തന്നെ ഈ എണ്ണം മതിയാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതോടൊപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി അനുവദിച്ചു കൊണ്ട് വിമാനത്തിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. ഇങ്ങനെ കുറഞ്ഞ യാത്രക്കാരുമായി വിമാനങ്ങള്‍ സര്‍വീസ് നടക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ പ്രതിദിന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിമാനത്താവളത്തിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമോ പതിനയ്യായിരമോ ആക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടായിട്ടില്ല. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത്.

കോവിഡിന്‍റെ തുടക്കത്തില്‍ 1000 യാത്രക്കാരെ മാത്രമായിരുന്നു ഒരു ദിവസം അനുവദിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുകയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള യാത്രാനുമതി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദിന്‍റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍ ഇത് നടപ്പില്‍ വരുന്നത് നീണ്ടുപോവുകയായിരുന്നു. ഇവിടെ നിന്ന് കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള കൊറോണ എമര്‍ജന്‍സികള്‍ക്കായുള്ള മന്ത്രിതല കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പുറത്തുവരാത്തതായിരുന്നു വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നതെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. അവ പുറത്തുവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം, ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് അല്‍ റായ് പത്രം സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് തടസ്സമായി നില്‍ക്കുന്ന പ്രതിദിന യാത്രക്കാരുടെ പരിധി കൂട്ടുക മാത്രമാണ് മുമ്പിലുള്ള പോംവഴി. ഇതിന് മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്തുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുക. കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക്ക/കോവിഷീല്‍ഡ്, മോഡേണ എന്നിവയുടെ രണ്ടു ഡോസുകളോ ജോണ്‍സന്‍ ആന്‍റ് ജോണ്‍സണ്‍ വാക്സിന്റെന്‍റെ ഒരു ഡോസോ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം.

കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സ്പുട്നിക്, സിനോവാക് വാക്സിന്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട്, ശെലോനിക് ആപ്പ് രജിസ്ട്രേഷന്‍ എന്നിവയും ആവശ്യമാണ്. വാക്‌സിന്‍ എടുത്തവര്‍ക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈനും തീരെ വാക്‌സിന്‍ എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്‌സിന്‍ എടുത്തവരോ ആണെങ്കില്‍ ഏഴു ദിവസത്തെ സ്ഥാപന ക്വാറന്‍റൈനും അതിനു ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈനും നിര്‍ബന്ധമാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴു മാസത്തെ യാത്രാ വിലക്കിന് ശേഷം ഓഗസ്റ്റ് ഒന്നു മുതലാണ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് കുവൈത്ത് യാത്രാനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുകയായിരുന്നു. കോവിഡിന്‍റെ ഡെല്‍റ്റ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക് തുടര്‍ന്നത്.

റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു കൊണ്ടുള്ള കാബിനറ്റ് തീരുമാനത്തിനു പിന്നാലെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികളാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്നതു പോലെ കുവൈത്തിന് പുറത്തേക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുങ്ങുമെന്നാണ് വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.